to be finished
ഷിബുവിന്റെ 'അനശ്വരപ്രണയ'ത്തെ വാഴ്ത്തുകയും, വാഴ്ത്തുന്നവരെ വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകൾ കണ്ടു. ഷിബുവിന്റെ പ്രണയത്തെയും കാഴ്ചക്കാരെയും മാത്രം കേന്ദ്രീകരിക്കുന്നത് വിഷയത്തെ ലഘൂകരിക്കുന്നതിനു തുല്യമാണ്. ജനങ്ങളുടെ കലാബോധവും ചലച്ചിത്ര സൃഷ്ടിയും ചർച്ച ചെയ്യപ്പെടേണ്ടത്.
മിന്നൽ മുരളിയെകുറിച്ചുള്ള ചർച്ചകളിൽ കണ്ട ഈ വിഷയങ്ങളെ കീറിമുറിച്ച് 'ഉത്തരവാദിത്തപരമായ വിഷ്വൽ ആർട്ട്' കണ്ണുകളിലൂടെ നോക്കുകയാണ് ഉദ്ദേശം.
ഭാഗം 1: സിനിമ - ഒരു ദൃശ്യകല
'മിന്നൽ മുരളി' കണ്ടപ്പോൾ 'ബാറ്റ്മാൻ' ചലച്ചിത്ര സീരീസുകളല്ല, 'ജോക്കർ'(2019) ആണ് ഓർമ്മ വന്നത്. ജെയ്സണെക്കാൾ ആഴത്തിൽ ഷിബുവിനു പിൻകഥ നൽകിയിട്ടുണ്ട് സൃഷ്ടാക്കൾ. അതിന്റെ പ്രതിഫലനം കാണുന്നുമുണ്ട്.
സിനിമകളിൽ കഥയേക്കാൾ ഒരുപാട് പ്രസക്തിയുള്ളവയാണ് തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗ് തുടങ്ങിയവ. എഡിറ്റിങ്ങിൽ ഫ്രേയ്മുകളുടെ ക്രമം, ഓരോ ഫ്രേയ്മിനും കൊടുക്കുന്ന സമയം ഒക്കെ കഥയുടെ വ്യാഖ്യാനത്തെ സ്വാധീനിക്കും.
ഉദാഹരണത്തിനു 'കുലെഷൊവ് എഫ്ഫക്റ്റ്' നോക്കാം. ഫ്രെമുകളുടെ ക്രമത്തിനനുസരിച്ച് ഒരേ ഭാവാഭിനയം എങ്ങിനെ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതിനെ വിശദീകരിക്കുന്നു ഇത്. താഴെ കൊടുത്ത ഉദാഹരണത്തിൽ, ഒരു വൃദ്ധൻ (ഹിച്ച്കോക്ക്) 'എന്തോ' നോക്കുന്നു, രണ്ടാമത്തെ ഫ്രെയിം കണ്ട് വൃദ്ധൻ പുഞ്ചിരിക്കുന്നു.
രണ്ടാമത്തെ ഫ്രെയിം അമ്മയും കുഞ്ഞുമാവുമ്പോൾ വാത്സല്യമായി വ്യാഖ്യാനിക്കപ്പെടുന്നു.
രണ്ടാമത്തെ ഫ്രെയിം ഒരു ബിക്കിനിയിട്ട വെയിൽ കായുന്ന യുവതിയാവുമ്പോൾ അതേ ചിരി അശ്ലീലമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
വീഡിയോ
ഇതുപോലെ പല വിധത്തിൽ കാഴ്ചക്കാരന്റെ വികാരത്തെ കയ്യിലെടുത്ത് വളയ്ക്കാം. എഡിറ്റിംഗ് മാത്രമല്ല, തിരക്കഥ, സംഭാഷണം, ലൈറ്റിങ് തുടങ്ങിയവയും ഉപാധികളാണ്. മിന്നൽ മുരളിയിൽ ഇതിന്റെ വൈവിധ്യമാർന്ന മിശ്രണം കാണാം.
മിന്നൽ മുരളി അടുക്കളപ്പാത്രങ്ങൾ ഉയരത്തിൽ അടുക്കിവയ്ക്കുമ്പോൾ, തന്റെ 'പ്രണയിനി'യോട് ലൈംഗികച്ചുവയോടെ സംസാരിച്ച വയസ്സനായ മുതലാളിയ്ക്ക് താക്കീത് നൽകുകയാണ് ഷിബു. ഷിബുവിന്റെ സീനുകളിലെ എഡിറ്റിംഗ്, ഷിബുവുമായി ബന്ധപ്പെട്ട സീനുകൾ, സംഭാഷണ ശകലങ്ങൾ തുടങ്ങിയവ ഷിബുവിന്റെ ചെയ്തികളെ മനസിലാക്കാനുള്ള ('ന്യായീകരിക്കാനു'ള്ള) അടിത്തറ ഉണ്ടാക്കുന്നുണ്ട്.
തന്റെ അമ്മയെ ഭ്രാന്തിയെന്നു വിളിച്ചതിനെ തുടർന്ന്, നടന്നകന്ന ഷിബു തിരികെ വന്ന് ദാസനെ കൊല്ലുന്നു. തുടർന്ന് കട കത്തുന്ന സമയത്തും ഷിബുവിനെയാണ് ക്യാമറയും കഥയും പിന്തുടരുന്നത്. ദാസന്റെ നിലവിളിയ്ക്കോ, മരണത്തെച്ചൊല്ലിയുള്ള മറ്റുള്ളവരുടെ വൈകാരികതയ്ക്കോ ഒന്നും സിനിമ ഊന്നൽ നൽകിയില്ല. അതേപോലെ, അവസാനം ഉത്സവത്തിൽ, സ്ഫോടനത്താൽ ആളെക്കൊല്ലുന്നതിനു മുൻപ്, ഷിബു കാളയെ/ എരുമയെ കൊന്ന കഥയാണ് പറയുന്നത്. തനിക്കു വിലപ്പെട്ട ഒന്നില്ലാതാവുമ്പോൾ, കാരണത്തെ നശിപ്പിക്കുന്ന ഷിബു പരിചിതനാവുകയാണ്.
(ഷിബു വന്നപാടെ കത്രികയെറിഞ്ഞു ദാസനെ കൊന്നിരുന്നുവെങ്കിൽ കാഴ്ചക്കാരുടെ വികാരം മറ്റൊന്നാവുമായിരുന്നു എന്ന് കരുതാവുന്നതാണ്).
ഒരു കഥാപാത്രം പരിചിതനാവുന്നത് ആവുന്നത് ഇത്തരം നീണ്ട/ ആഴത്തിലുള്ള കഥാതന്തുക്കളുണ്ടാവുമ്പോഴാണ്. (മറ്റൊരുദാഹരണം: 2019ലെ 'ജോക്കർ' എന്ന ഇംഗ്ലീഷ് സിനിമ കണ്ടു ജോക്കറോട് ദേഷ്യം തോന്നിയ ആരെയും എനിക്ക് പരിചയമില്ല. അനുകമ്പയും, ദയയും മാത്രമാണ് കണ്ടിരുന്നത്. ഏവർക്കും പറയാനുണ്ടായിരുന്നത് 'ഒരു മനുഷ്യനെ' ജോക്കറാക്കിയ സമൂഹത്തെകുറിച്ചായിരുന്നു. ഇവിടെ ഷിബുവിനുമുണ്ട് അത്തരം 'കഥ').
ഭാഗം 2: ആവിഷ്കാര സ്വാതന്ത്ര്യം
Art for Art’s sake' എന്ന് പറയാറുണ്ട്. കലയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു അത്. കലയ്ക്ക് ധാർമികത ഇല്ല എന്നല്ല, മറിച്ച് അതിന്റെ അളവുകോലുകൾ വ്യത്യസ്തമാണ്. ഒരു കല നിലകൊള്ളുന്നത് സാരോപദേശത്തിനല്ല, അത് ഒരു ആശയത്തെ/ വികാരത്തെ/ വിചാരത്തെ ആവിഷ്കരിക്കാനും പ്രകടിപ്പിക്കാനുമാണ്. ആ പ്രകടനം ചിലപ്പോൾ ദേഷ്യമാവാം, പ്രണയമാവാം. ഭരണഘടനയിലെ ധാർമികതയും (ethics) വ്യക്തിഗത ധാർമികതയും(morality) രണ്ടും രണ്ടാണ്.
ഭരണഘടനാപരമായി തെറ്റുകളാണെങ്കിലും മോഷ്ടിച്ചവന്റെ കൈ വെട്ടുന്നതും. ഗോവിന്ദച്ചാമിയെപോലുള്ളവരെ 'നിഷ്കരുണം' കൊല്ലുന്നതും, പെങ്ങളെ വായ്നോക്കിയാൽ കാലൊടിക്കുന്നതും, അനുസരണക്കേടിനു മക്കളെ അടിക്കുന്നതും ഒക്കെ സമൂഹത്തിൽ 'ശെരി'കളാവുന്നുണ്ട്. തനിക്കു വിലപ്പെട്ട ഒന്ന് നഷ്ടമാവുമ്പോൾ, അതിനു ഹേതുവായതിനെ ഹനിക്കുന്നതിൽ തെറ്റ് കാണാത്തതും ഇതുകൊണ്ടാണ്. സുഹൃത്തിനെ കൊന്ന കാളയെ കൊല്ലുന്നത് ഒരു ഭീകര പാപമാവുന്നില്ല! (ഉപദ്രവം സ്വഭാവമുള്ള കാളയെ നിലക്ക് നിർത്തണമായിരുന്നു അതിന്റെ ഉടമ!). ആൾക്കൂട്ടനീതി ഇപ്പോഴും നിലനിൽക്കുന്നതും ഇതുകൊണ്ടാണ്.
പഴയ ചട്ടക്കൂടിൽ നിലനിൽക്കുന്ന ഈ സമൂഹത്തിൽ ഷിബുവിന്റെ കഥ 'മനസിലേക്കിറങ്ങാൻ' ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അവിടെ പ്രണയിനിയ്ക്ക് പകരം കാളയോ പശുവോ തേങ്ങയോ ആണെങ്കിലും. അടിസ്ഥാനം, 'എന്നെ വിഷമിപ്പിച്ച കാരണത്തിനു പ്രതികരിക്കണം!'. 'പ്രതികാരം' 'നീതിയായി' തെറ്റിദ്ധരിക്കപ്പെടുന്നു (പ്രതികാരനീതി എന്ന് വിളിക്കാം).
ഈ വികാരം ഏവരിലും ചെറുതും വലുതുമായ തോതിലുള്ളതുകൊണ്ടാണ് ബാറ്റ്മാൻ 'ദുഷ്ടന്മാരെ' ശിക്ഷിക്കുമ്പോൾ നമ്മൾ കയ്യടിക്കുന്നത്. കയ്യടിച്ചതിനു ഭരണകൂടം ചോദ്യം ചെയ്യുമ്പോൾ തലയുയർത്തിപ്പറയാം, 'Art for Art’s sake' എന്ന്. ഒരു ഭരണകൂടത്തിന് മുന്നിൽ ഷിബുവും സൂപ്പർഹീറോകളും ഒരുപോലെ കുറ്റക്കാരാണ്.
ഭാഗം 3: സിനിമയുടെ ധാർമികത; മിന്നൽ മുരളി
സിനിമയുടെ ധാർമിക നിലവാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഷിബു ചെയ്തത് തെറ്റോ ശെരിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് കഥാപാത്രത്തിന്റെ സ്വഭാവമാണ്. പക്ഷെ, ഒരു രംഗം എങ്ങിനെ അവതരിപ്പിക്കുന്നു, അതിന്റെ സാധുത എന്താണ് എന്നതിനനുസരിച്ച് സിനിമയുടെ നിലവാരത്തെ ചോദ്യം ചെയ്യാം.
1) ഒരു കഥാതന്തുവിനു 'ന്യായം' വേണം
ഷിബുവിന്റെ അച്ഛൻ പഴക്കച്ചവടക്കാരനായിരുന്നുവെങ്കിൽ പല സീനുകളും കഥാഗതിയും പുനർ-രചിക്കേണ്ടതായി വരും (പ്രണയിനി മരിക്കുന്നത് വീട്ടിലെ സ്ഫോടനത്തിലാണല്ലോ). അവിടെ അയാളുടെ ജോലി കഥയിൽ ഇഴുകിച്ചേർന്ന ഒന്നാണ്.
അതേസമയം ഷിബു എന്ന കഥാപാത്രത്തിന് നൽകിയ 'തമിഴ്ച്ചുവ'യ്ക്ക് പ്രത്യേകിച്ച് ന്യായീകരണം/ കാരണം ഇല്ല. അയാൾ പച്ചമലയാളത്തിൽ സംസാരിച്ചാലും സിനിമയിലെ ഒരു രംഗം പോലും മാറ്റേണ്ടി വരില്ലായിരുന്നു(തമിഴ് സംസാരിക്കുന്ന സീൻ ഉൾപ്പെടെ). ഇത് സമൂഹത്തിൽ നിലനിൽക്കുന്ന 'വർഗീയചായ്വ്' കാണിക്കുന്ന ഒന്നാണ്. ഷിബുവിന് വള്ളുവനാടൻ മലയാളം അല്ല 'റാൻഡം' ആയി കൊടുത്തത് (അഭിനേതാവിന്റെ ഭാഷ അതായതുകൊണ്ടാണ് എന്നാണു ന്യായീകരണം എങ്കിൽ, ഡബ്ബിങ് പറ്റില്ലായിരുന്നോ? ഇനി വില്ലനെ എടുത്തുകാണിക്കാൻ/ സാമൂഹിക ഒറ്റപ്പെടൽ കാണിക്കാൻ ആണെങ്കിൽ എന്തുകൊണ്ട് തമിഴ്? കണ്ണൂർ/തിരുവനന്തപുരം മലയാളമാവാമല്ലോ!)
2) കപട**/ മിഥ്യാ-സ്ത്രീശാക്തീകരണം
(**കാപട്യം മനഃപൂർവ്വമാവണമെന്നില്ല, അറിവില്ലായ്മയുടെ ആവിഷ്കാരവുമാവാം)
a) ബ്രൂസ് ലീ
1990-2000 കളിൽ എവിടുന്നാണ് കുഗ്രാമത്തിൽ കരാട്ടെ പഠിപ്പിക്കുന്ന യുവതിയായ ടീച്ചർ??? അതൊരു നൃത്താധ്യാപികയായിരുന്നുവെങ്കിൽ മനസിലാക്കാം. പിന്നെ, സിനിമയുടെ അവസാനം ഒരു ആവശ്യവുമില്ലാതെ 'ആണിന്റെ സഹായമില്ലാതെ സ്വയം രക്ഷിച്ച് പുഞ്ചിരിക്കുന്ന കരാട്ടെക്കാരിയുടെ' അവസാന രംഗങ്ങൾ പോലും ഏച്ചുകൂട്ടിയ ഫെമിനിസം ആണ്. 'സ്വയം രക്ഷിക്കുന്ന' ബ്രൂസ് ലീയുടെ ആ രംഗങ്ങൾ പാടെ എടുത്തുമാറ്റിയാലും കഥ മുന്നോട്ടു പോവും.
b) ഷിബുവിന്റെ പ്രണയിനി
സ്വന്തമായി ഒരു നിലനില്പും ഇല്ലാത്ത ഷിബുവിന്റെ പ്രണയിനി എന്ന കഥാപാത്ര സൃഷ്ടിയിൽ ഈ മിഥ്യാ-സ്ത്രീശാക്തീകരണത്തിലെ തുള കൂടുതൽ വ്യക്തമായി കാണാം. അവളുടെയും മകളുടെയും ഓരോ സീനും ഷിബുവിന്റെ കഥയ്ക്കുള്ള അടിത്തറ മാത്രമാണ്. അവളെക്കുറിച്ച് ഷിബു കേൾക്കുന്ന ഒരു സംഭാഷണത്തിൽ 'ഒളിച്ചോടി, വയറ്റിലുണ്ടായിരുന്നു എന്നാ കേട്ടത്' എന്ന ശകലം നോക്കാം. 'ഒളിച്ചോടി' എന്നത് തന്നെ ഷിബുവിനെ വിഷമിപ്പിക്കാനുതകുന്നതാണ്. രണ്ടാമത്തെ ഭാഗം ഇല്ലെങ്കിലും ഇതേ എഫ്ഫക്റ്റ് ഉണ്ടാവുമായിരുന്നു; അത് സമൂഹത്തിലെ പിന്തിരിപ്പൻ ചിന്താഗതികളെ അടിച്ചുറപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് (വിവാഹത്തിന് മുൻപ് ഗർഭിണിയാവുന്നത് എടുത്തു സംസാരിക്കേണ്ട ആവശ്യമുണ്ട് എന്ന ധ്വനി). രണ്ടാമത്തേത്, അവളെ ആദ്യമായി കാണുന്ന രംഗം വാക്യാർത്ഥത്തിൽ ഭീകരമായിരുന്നു. ഒരു കഷ്ണം ഇറച്ചികണക്കെ കാമക്കണ്ണുകളോടെ അവളെ നോക്കുന്ന ഒരു കൂട്ടം ആണുങ്ങളിലൂടെയാണ് അവളെ അവതരിപ്പിച്ചിരിക്കുന്നത്. (സമൂഹം അങ്ങിനെയാണ്, യാഥാർഥ്യം അതാണ് എന്നാണു പറയാൻ ശ്രമിക്കുന്നതെങ്കിൽ, അതെ സീൻ അവളുടെ കണ്ണുകളിലൂടെ കാണിക്കാമായിരുന്നു. പിന്നെ, ഇതും പിന്തിരിപ്പൻ ചിന്താഗതികളെ അടിച്ചുറപ്പിക്കാൻ സഹായിക്കുന്നതാണ്).
ഭാഗം 4: സിനിമയുടെ ധാർമികത; മറ്റു സിനിമകൾ
ഇവിടെ എന്താണ് കപടമല്ലാത്ത/ യാഥാർഥ്യത്തോടടുത്ത സ്ത്രീശാക്തീകരണം എന്നും പറയേണ്ടിയിരിക്കുന്നു.
1) അപുർ സൻസാർ (അപുവിന്റെ ലോകം)
പഥേർ പാഞ്ചലിയിലെ അപുവിന്റെ കഥ തുടരുന്ന മൂന്നാമത്തെ സിനിമയാണ് 'അപുർ സൻസാർ' . 1959ൽ ഇറങ്ങിയ ഒരു സത്യജിത് റേ സിനിമ.
അതിൽ ഒരു വിവാഹസീനുണ്ട്. ഒരു ചെറിയ ഗ്രാമം. വിവാഹത്തിന് വധു തയ്യാറായി നിൽക്കുന്നു. വരൻ എത്തുന്നു. വരന് മാനസിക സ്ഥിരതയില്ല എന്ന് വധുവും വീട്ടുകാരും തിരിച്ചറിയുന്നു. കരയുന്ന വധുവിനെ ചേർത്ത് പിടിച്ച് അവളുടെ അമ്മ, തന്റെ ഭർത്താവിനോട് പറയുന്നു, 'ഈ വിവാഹം നടക്കില്ല. ഇത് നടക്കാൻ ഞാൻ സമ്മതിക്കില്ല'. വളരെ കലുഷിതമായ രംഗം; പിന്നീട് നാട്ടിൽ കാണുന്നതുപോലെ, അവിടെയുള്ള മറ്റൊരു യുവാവ് (അപു) അവളെ വിവാഹം ചെയ്യുന്നു. ഇവിടെ അമ്മയുടെ നിർബന്ധമല്ലാതെ, നാട്ടുനടപ്പിൽ നിന്ന് ഒന്നും മാറിയിട്ടില്ല.
അപുർ സൻസാറിൽ നിന്നും ഒരു രംഗം |
2) ദ ജാപ്പനീസ് വൈഫ് (ജാപ്പനീസ് ഭാര്യ)
2010 ൽ ഇറങ്ങിയ ഒരു അപർണ സെൻ സിനിമ.
അമ്മ മരിച്ചതിനാൽ, അമ്മയുടെ അടുത്ത സുഹൃത്തിന്റെ (സ്നേഹൊമൊയുടെ അമ്മ) വീട്ടിലേക്ക് താമസിക്കാനെത്തിയ ഒരു വിധവയായ യുവതി(സന്ധ്യ). കഥാനായകൻ സ്നേഹൊമൊയ് തന്റെ ജാപ്പനീസ് ഭാര്യയ്ക്കെഴുതുന്ന ഒരു കത്തിൽ വിധവകളുടെ ജീവിതത്തെകുറിച്ചെഴുതുന്നത് ഇങ്ങിനെയാണ്. 'ഭർത്താവു മരിച്ചുകഴിഞ്ഞാൽ പിന്നെ സ്ത്രീകൾ കരയില്ലാത്ത വെള്ളവസ്ത്രം മാത്രമാണിടുക. സിന്ദൂരം മായ്ചുകളയും. തല മുണ്ഡനം ചെയ്യും. സന്ധ്യ തല മുണ്ഡനം ചെയ്തോ എന്നറിയില്ല, സാരിത്തലപ്പുകൊണ്ട് അവൾ എപ്പോഴും തല മറിച്ചിടാറുണ്ട്'.
പിന്നീട് വരുന്ന രംഗങ്ങളിൽ കാണാം അവളുടെ നീണ്ട തലമുടി. ഒരു രംഗത്തിൽ സ്നേഹൊമൊയുടെ അമ്മ സന്ധ്യയോടു പറയുന്നുണ്ട് 'നിനക്കൊരു കരയുള്ള സാരിയുടുത്തുകൂടെ. ഭർത്താവിന്റെ വീടല്ലല്ലോ ഇത്, ആരെയും പേടിക്കേണ്ടല്ലോ' എന്ന്. ഇവിടെ പുരോഗമനചിന്ത കാണാം. പുരോഗമ ചിന്തകൾ അടുക്കള രഹസ്യങ്ങളായാണ് തുടങ്ങാറുള്ളത്; നാട്ടുനടപ്പിനെ ചോദ്യം ചെയ്യുന്നത് എളുപ്പമല്ല. ഇവിടെ കൃതൃമത്വം ഇല്ലാതെ, നാട്ടുനടപ്പിൽ നിന്നും നീങ്ങാതെയാണ് പുരോഗമന ചിന്തകളെ കാണിക്കുന്നത്.
ദി ജാപ്പനീസ് വൈഫിൽ നിന്നും ഒരു രംഗം |
പുരോഗമനം കാണിക്കാൻ 90കളിൽ കരാട്ടെക്കാരിയെ കൊണ്ടുവരേണ്ട ആവശ്യമില്ല എന്ന് ചുരുക്കം!
ഭാഗം 5: തിരികെ മിന്നൽ മുരളിയിലേക്ക്
പോസ്സെഷൻ(ഉടമസ്ഥാമനോഭാവം) സ്നേഹമായി കരുതുന്ന, പ്രതികാരനീതി നിലനിൽക്കുന്ന ഈ സമൂഹത്തിൽ, ക്രമാനുസൃതമായി സംഭാഷണങ്ങളും രംഗങ്ങളും കോർത്തിണക്കിയപ്പോൾ ഷിബുവിന്റെ വികാരങ്ങളെ മനസിലാക്കാൻ പറ്റുന്ന കാഴ്ചക്കാരെ കിട്ടി സംവിധായകന് (ഇതൊക്കെ സംവിധായകൻ ഉദ്ദേശിച്ചോ അതോ അബദ്ധത്തിൽ സംഭവിച്ചോ എന്നത് വേറെ വിഷയം).
ഒരു ദൃശ്യകലയെ വിശകലനം ചെയ്യാൻ പര്യാപ്തമായ ഒരു പ്രേക്ഷക സമൂഹത്തിന് സംവിധായകൻ ഉപയോഗിച്ച തന്ത്രങ്ങൾ മനസിലാക്കാൻ കഴിയും. അത് ഒരു പരിധിവിട്ട് ihjfkjdfdsjfjsg.
to be finished