Saturday, 19 December 2020

വളരുന്ന താമരകൾ

ചർച്ചയല്ല, അസ്വസ്ഥമായ ചിന്തകളാണ്.

ഈ മോട്ടിവേഷൻ ക്ലാസുകൾ കേട്ടിട്ടുണ്ടോ? അതിലിരുന്നിട്ടുണ്ടോ? ക്ലാസ്സെടുക്കുന്നവർ ആത്മവിശ്വാസം കൂട്ടാൻ എന്തൊക്കെ ചെയ്യാം എന്ന് പറയാറുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കും എന്നു കേട്ടിട്ടുണ്ടോ? അത്തരമൊരു നിത്യാഭ്യാസിയോട് മല്ലിടാൻ രാവും പകലും അദ്ധ്വാനിക്കണം. അല്ലാത്തപക്ഷം ആ നിത്യാഭ്യാസി തന്നെ വിജയിക്കും; ഒരു സംശയവും വേണ്ട! മുയൽ കിടന്നുറങ്ങിയപ്പോൾ ആമ നടന്നുകൊണ്ടേയിരുന്നു. എന്നിട്ടെന്തായി?
.
പറഞ്ഞു വരുന്നത്, എത്ര കാലം കൂടെ വേണം കേരളത്തിൽ താമര തഴച്ചു വളരാൻ? താമരയ്ക്കു വളരാൻ അത്യുത്തമം ചെളി നിറഞ്ഞ ജലാശയങ്ങളാണ്.

1990: ലാൽ കൃഷ്ണ അദ്‌വാനിയുടെ രഥയാത്ര.
ഒരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു യാത്രയുടെ ഉദ്ദേശം. ഹിന്ദുവാണോ? എങ്കിൽ അഭിമാനത്തോടെ പറയു, നാം ഹിന്ദുക്കളാണെന്ന് / ഞാൻ ഹിന്ദുവാണെന്ന്. ഗുജറാത്തിലെ സോംനാഥ് മുതൽ ഉത്തർ പ്രദേശിലെ അയോദ്ധ്യ വരെ. സോംനാഥിലെ ശിവനും അയോദ്ധ്യയിലെ രാമനും ബന്ധുക്കളല്ലെങ്കിലും വളരെ യുക്തമായ തുടക്കം!

മൂപ്പർ പോയ വഴി ചിത്രം1 ൽ കൊടുത്തിരിക്കുന്നു. കടപ്പാട് വിക്കി.

ചിത്രം1



1984: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 2 സീറ്റുകൾ
1989: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 89 സീറ്റുകൾ
1990: രഥയാത്ര
1991: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 120 സീറ്റുകൾ


1984, 1991 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചിത്രം2 ൽ. ആ കറുത്ത കുത്തുകൾ 1990 ലെ രഥയാത്രയുടെ വിസിറ്റിങ് പോയിന്റുകളാണ്.

ചിത്രം2

1996: 161 സീറ്റുകളോടെ ഏറ്റവും വലിയ ഭൂരിപക്ഷമായി ബിജെപി.

പിന്നതങ്ങു വളർന്നു പന്തലിച്ചു! ഈ കോവിഡ് പകരുന്നത് കണ്ടില്ലേ അതുപോലെ.
ഇന്നലെ വരെ രാമനും ഭരണഘടനയും രണ്ടായിരുന്നു. രാമരാജ്യത്തിനും ആർഷഭാരതസംസ്കാരത്തിനും വേണ്ടി ആയിരുന്നു മുറവിളി. ഇന്ന് പറയുന്നു 'ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ തന്നെ ഭഗവാൻ ശ്രീരാമനും, ലക്ഷ്മണനും, സീതയുമൊക്കെ ഉണ്ട്'. ഓപ്പറേഷൻ ഫേസ് 3?

ലക്ഷ്യം, മുന്നൊരുക്കങ്ങൾ, അശാന്ത പരിശ്രമം... മോട്ടിവേഷൻ ക്ലാസ്സുകളിൽ പറയുന്ന ഓരോ പാഠഭാഗവും കാണാം ഇവിടെ!
.
നിപ്പയെ അടുക്കും ചിട്ടയുമൊടെ കൈകാര്യം ചെയ്യാൻ പ്രോട്ടോകോൾ ഉണ്ടായിരുന്നു. കോവിഡിന്റെ പുതുമയും, സമൂഹത്തിന്റെ അടുക്കും ചിട്ടയുമില്ലായ്മയും കാരണം ഇപ്പോഴും തീർന്നിട്ടില്ല ആ ആവലാതി. ബിജെപിയെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോൾ ഉണ്ടോ കയ്യിൽ?

ചരിത്ര-രാഷ്ട്രീയ-സാമൂഹിക-നിയമ പരിജ്ഞാനം കേരളത്തെ ഒരുപക്ഷെ രക്ഷിക്കാം... ഒരുപക്ഷെ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി വളർച്ച ചിത്രം3 ൽ.

ചിത്രം3


അടിക്കുറിപ്പ്: പാലക്കാടിൻറെ ഹൃദയഭാഗത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത്, പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഞങ്ങൾ കുട്ടികൾ ജനലിൽ കാതോർത്തു നിന്നു. പുറത്തു നിന്നും ബിജെപി ആരവം കേട്ടു. ക്ലാസ്സിലെ ഒരുകൂട്ടം കുട്ടികൾ തുള്ളിച്ചാടി (2010ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ്). ഇന്ന് പാലക്കാടിന്റെ ആ ആരവത്തിന്റെ ശബ്ദം കൂടി എന്ന് മാത്രം. ഇനിയത് വളരാതിരിക്കട്ടെ.