ഉന്നത വിജയത്തോടെ പത്താം തരം പരീക്ഷാഫലം വന്നു (2021 ജൂലായ്). ഇത്രയും വിജയവും, 'സാമൂഹിക പുരോഗമനവും' ഒക്കെയുള്ള ഈ 21ആം നൂറ്റാണ്ടിൽ ജാതി സംവരണം എടുത്തു മാറ്റേണ്ട കാലം കഴിഞ്ഞു എന്ന വാദം കേരളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ഉണ്ട്. പുരോഗമവാദികളുടെ ആശയക്കുഴപ്പം ഇങ്ങിനെ പോവുന്നു. 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം? കഴിവുള്ളവർ മുകളിലോട്ട് ഉയരട്ടെ!'
പെട്ടന്ന് സാധ്യമാവുന്ന ഒന്നല്ല മാറ്റം. (ഒരു വർഷത്തിലധികമായി സാമൂഹിക-അകലവും, മാസ്കിന്റെ അനിവാര്യതയും കേൾക്കാൻ തുടങ്ങിയിട്ട്. എത്രമാത്രം അത് സമൂഹത്തിൽ കാണുന്നുണ്ട് എന്ന് നിങ്ങൾക്കു തന്നെ നോക്കാം). ജാതീയത ഇല്ലാഞ്ഞിട്ടല്ല കാണാതെപോവുന്നത്, സമൂഹത്തിൽ അത് അത്രത്തോളം അലിഞ്ഞുച്ചേർന്നതും, സാമാന്യവൽക്കരിക്കപ്പെട്ടതും, ഇഷ്ടമില്ലാതെ പിന്തുടരുന്ന ഒരു കൂട്ടം ആചാരങ്ങളുടെ ഭാഗവും ആയതുകൊണ്ടാണ്. പിന്നെ 'വിശേഷാവകാശങ്ങ'ൾക്കുള്ള (privilege) പങ്കും.
ഭാഗം 1: വിശേഷാധികാരം (privilege)
2016കളുടെ അവസാനത്തിൽ നോട്ട് നിരോധനം വന്നപ്പോൾ, അത് ലവലേശം ജീവിതത്തിൽ ബാധിക്കാത്ത ഒരുപാട് പേരുണ്ടായിരുന്നു (ഈ ഞാനുൾപ്പെടെ). എന്തിനേറെ, ഒരു അഞ്ഞൂറിന്റെ നോട്ട് 'നാണയ- കറൻസി' ശേഖരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വ്യക്തിഗത ജീവിതത്തിൽ എടുത്തു പറയത്തക്ക പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ, തിരുവനന്തപുരത്തെ തെരുവുകളിലൂടെ നടക്കുമ്പോൾ, വഴിയരികിലിരുന്നു കരയുന്ന വഴിയോരക്കച്ചവടക്കാരെ കണ്ടിട്ടുണ്ട്; പണത്തിന്റെ ചംക്രമണം (currency circulation) കുറഞ്ഞതിനാൽ, ആരും പച്ചക്കറി വാങ്ങുന്നില്ല; കയ്യിലിരുന്ന്പച്ചക്കറികൾ ചീഞ്ഞു നശിച്ചുപോവുകയാണ്. ലാഭമില്ലെങ്കിലും, കച്ചവടത്തിന് വേണ്ടി ചിലവാക്കിയതിലെ കുറച്ചെങ്കിലും പണം കിട്ടിയിരുന്നുവെങ്കിൽ എന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അതേ സമയം ഡെബിറ്റ് കാർഡ് എടുക്കാത്ത കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പറ്റാതെ ഇച്ഛാഭംഗം വന്ന 'സഹ-ജീവികളും' ഉണ്ടായിരുന്നു.
ഒരു സന്ദർഭത്തിൽ മാത്രമാണ് ആ നോട്ട് നിരോധനത്തിന്റെ കയ്പ് അനുഭവിക്കേണ്ടിവന്നത്. റെസിഡൻസ് പെർമിറ്റിനു വേണ്ടി ഡൽഹിയിൽ പോയ സന്ദർഭം; അശ്രദ്ധ കാരണം, കയ്യിലുണ്ടായിരുന്ന ഡ്രാഫ്റ്റ്ൽ ഒരു ഇരുന്നൂറു രൂപയുടെ മാറ്റം. പിന്നെ അതിനു വേണ്ടി നടക്കുകയായിരുന്നു. ഓരോ കോണിലെ ബാങ്കുകളിലും അറ്റം കാണാത്ത ജനനിര. കയറിയ ഓരോ ബാങ്കിലും എന്തെങ്കിലും കാരണത്താൽ ഡ്രാഫ്റ്റ് എടുക്കൽ നടന്നില്ല. തിരക്കും, നടത്തവും, വെയിലുമായി തളർന്നു. മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ പറ്റാത്തതുകൊണ്ട് ഉച്ചഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ മണിക്കൂറുകൾ വെയിലത്ത് നടന്നു. ഒരുപാട് ബുദ്ധിമുട്ടിയതിനൊടുവിൽ കാര്യം നടന്നു. പിന്നെ ശാന്തമായ ഒരു വൈകുന്നേരം!
ഒരു വാചകത്തിൽ സംഗ്രഹിച്ചാൽ, നോട്ടു നിരോധനത്തിന്റെ കയ്പ്പും മാനസിക സംഘർഷവും അന്നനുഭവിച്ചു.
.
.
ഇതേ കഥ വേറൊരു ഭാഷ്യത്തിൽ പറയാം. റെസിഡൻസ് പെർമിറ്റിനു വേണ്ടി ഡൽഹിയിൽ പോയ സന്ദർഭം; അശ്രദ്ധ കാരണം, കയ്യിലുണ്ടായിരുന്ന ഡ്രാഫ്റ്റ്ൽ ഒരു ഇരുന്നൂറു രൂപയുടെ മാറ്റം. പിന്നെ അതിനു വേണ്ടി നടക്കുകയായിരുന്നു. ഓരോ കോണിലെ ബാങ്കുകളിലും അറ്റം കാണാത്ത ജനനിര. എന്നാൽ, ആ നിരകളിൽ ഒരുപാട് നേരം കാത്തുനിൽക്കേണ്ടി വന്നില്ല. അവിടെയുള്ള ബാങ്ക് ജീവനക്കാർ മാത്രമല്ല, വരികളിൽ നിൽക്കുന്ന ജനവും എന്റെ 'തിരക്കുള്ള' ആവശ്യം പരിഗണിച്ച് ഇളവ് തന്നു. ആ നിരയിൽ ആശുപത്രിയിൽ പണമടയ്ക്കാൻ തിരക്കുള്ള ആരെങ്കിലും ഉണ്ടായിരുന്നുവോ എന്നറിയില്ല. രണ്ടിലധികം ബാങ്കുകളിൽ കയറിയിറങ്ങിയപ്പോഴും, ഈ ബാങ്കുജീവനക്കാരുടെ സഹായം കാരണം താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ബാങ്കിലെത്താനായി. അവിടെ കുറേക്കൂടെ നല്ല വസ്ത്രങ്ങൾ ധരിച്ച, പോളിഷ് ചെയ്ത ഷൂസുമിട്ട ആളുകളുടെ വരിയായിരുന്നു ഉണ്ടായിരുന്നത്. ബാങ്ക് അധികൃതരുടെ സഹായത്താൽ, കൗണ്ടറിൽ നിന്നും അധികം അകലെയല്ലാതെ വരിയിൽ നിന്നിരുന്ന, പെൻഗ്വിൻ ബുക്സിലെ എഡിറ്റർ ആയിരുന്ന ഒരു വ്യക്തി, എനിക്ക് വേണ്ടി ഡ്രാഫ്റ്റ് എടുത്തു തന്നു; എന്റെ ആവശ്യത്തിലെ ആത്മാർത്ഥത(genuinity) തെളിയിക്കാൻ ഏതാനും മിനിറ്റുകളേ എടുത്തുള്ളൂ.
ഒരു വാചകത്തിൽ സംഗ്രഹിച്ചാൽ, 'പ്രിവിലേജ്' നോട്ട് നിരോധനത്താലുള്ള ബുദ്ധിമുട്ട് നിന്നും എന്നെ രക്ഷിച്ചു. (ആദ്യം പറഞ്ഞ വേർഷനിൽ ഈ പ്രിവില്ലേജ് മറഞ്ഞുകിടക്കുന്ന ഒന്നാണ്. മനഃപൂർവം മറച്ചുവയ്ക്കുന്നതല്ല, ഇത്തരം അവസരങ്ങളിൽ നാം ആദ്യം ചിന്തിച്ചുപോവാറുള്ളത് നമ്മുടെ 'ഉത്കണ്ഠക'ളാണ്)
ഭാഗം 2: ജാതീയത; വിശേഷാധികാരത്തിന്റെ കണ്ണുകളിലൂടെ
തന്റെ 'ബ്രാഹ്മണ' പാരമ്പര്യത്തിന്റെ കഥ പറഞ്ഞും 'പട്ടരിൽ പൊട്ടനില്ല' എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചും തന്റെ 'ഔന്നത്യം' പറഞ്ഞിരുന്ന ഒരു സുഹൃത്തിനെ ഓർത്തുപോവുന്നു (പണ്ടൊന്നുമല്ല, ഈ 2017-2018കളിൽ). ജാതീയത മാറിയിരുന്നുവെങ്കിൽ, ഇത്തരമൊരു പ്രസ്താവന ചരിത്ര പുസ്തകങ്ങളിൽ മാത്രമാവും കാണുക. കേരളത്തിലെ രാജവംശ-പാരമ്പര്യമുള്ളവരുടെ വീട്ടിൽ സ്വകാര്യ കച്ചേരികൾ നടത്താൻ 'പ്രശസ്ത' ഗായകർ ഇന്നും പോവുന്നുണ്ട്; പ്രത്യേകത 'രാജ-രക്ത'ത്തിന്റെ ഔന്നത്യം. ഉത്തരേന്ത്യൻ ബ്രാഹ്മണനായ ഒരു സുഹൃത്ത്, തന്റെ ഇസ്‌ലാമികനായ സുഹൃത്തിനെ കുറിച്ച് വീട്ടിൽ സംസാരിക്കാറില്ല; കാരണം, അത് അയാളുടെ വീട്ടിൽ വിലക്കപ്പെട്ട ഒന്നാണ്. പൂണൂലിടൽ ചടങ്ങിനെ തുടർന്ന് തന്റെ കാൽ തൊട്ടു തൊഴാൻ വീടിനു പുറത്ത് കാത്തുനിന്ന 'താഴ്ന്ന ജാതി'ക്കാർക്കു മുന്നിൽ വീട്ടുകാരുടെ ഭീഷണിയും ധാർമിക രോഷവും വിങ്ങുന്ന ഹൃദയവുമായി നിന്ന സുഹൃത്തിനെയും ഓർക്കുന്നു. (തിരുവനന്തപുരം) ഐസറിലെ ഹൈന്ദവ പൂജകൾ കാര്യമായി ശ്രദ്ധിച്ചിട്ടില്ലെങ്കിലും, വിദ്യാർത്ഥികളുടെ ഇടയിൽ പൂണൂലുകളുടെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇവരെല്ലാം പുരോഗമ ആശയങ്ങളുള്ള, ജാതീയതയെ എതിർക്കുന്ന, ഒരു കൂട്ടം മനുഷ്യരാണ്. കുടുംബത്തിന്റെ ഭീഷണിയും, സമൂഹത്തിന്റെ സമ്മർദ്ദത്താലും,ആചാരമനുഷ്ടിക്കുന്നു എന്ന് മാത്രം! പിന്നെ തൻ്റെ ജാതിപ്പേരിൽ അഭിമാനം കൊള്ളുന്നവരും.
ഉന്നതകുലന് മാത്രം 'ഗ്ലാസ് കോപ്പ'യിൽ ചായ കൊടുക്കുകയും, അധമന് 'സ്റ്റീൽ കോപ്പ'യിൽ ചായ കൊടുക്കുകയും ചെയ്യുന്ന, തമിഴ്‌നാട്ടിലെ ദിവസവേതക്കാരുടെ അനുഭവ കഥകൾ കേട്ടത് 2015കളിലാണ്. 'അധമന്റെ' മുടി വെട്ടാത്ത ഇടുക്കിയിലെ ഒരു ബാർബറിന്റെ കഥ പുറത്തു വന്നത് 2020 സെപ്റ്റംബറിലാണ്.
.
ഒന്നോ രണ്ടോ വ്യക്തികളല്ല; ജീവിതരീതികളും, ആചാരങ്ങളും, വിശ്വാസങ്ങളും, സാമ്പത്തിക സ്ഥിതിയും അങ്ങിനെ ഒരുപാട് ഘടകങ്ങൾ ചേർന്ന് സമൂഹമാണ് ജാതീയത മുന്നോട്ടു കൊണ്ടുപോവുന്നത്. മുകളിലെ ഉദാഹരണങ്ങളിൽ നിന്നും മനസിലാക്കാം, വ്യക്തിഗതമായി നിങ്ങൾ ജാതീയതയ്‌ക്കെതിരെ ആണെങ്കിലും, നിങ്ങൾക്കുമുണ്ടാവാം അതിലൊരു പങ്ക് എന്ന്.
ഭാഗം 3: ജാതീയത; 'താഴ്ന്ന'വൻ്റെ കണ്ണുകളിലൂടെ
ആരും നിർബന്ധിക്കേണ്ടതില്ല, അവർക്കറിയാം അവർ 'താഴ്ന്നവരാണെന്ന്'. അവർക്കറിയാം എപ്പോഴാണ് 'തീണ്ടൽ' സാധുവാകുന്നതെന്നും(valid). മറ്റെല്ലാവരെയും പോലെ, ജീവിതരീതികളും, ആചാരങ്ങളും അവരും പിന്തുടരുന്നു. 'അയിത്തം' അതിൽ ഇഴുകിച്ചേർന്ന ഒന്നും...
ജാതിയോ മതമോ ചോദിച്ചിട്ടല്ല ഞാനോ എന്റെ വീട്ടുകാരോ 'ഉന്നതകുലരായിരിക്കണം' എന്ന അനുമാനത്തിലേക്കെത്തിയത്. ശീലിച്ചതേ പാലിക്കു - അത്രമാത്രം!
(എത്ര പ്രോട്ടീൻ ഉണ്ടെന്നു പറഞ്ഞാലും, എണ്ണയിൽ വറുത്തെടുത്ത പുൽച്ചാടിയെ തിന്നാൻ കേരളീയർക്ക് കുറച്ചു വിമ്മിഷ്ടം ഉണ്ടാവില്ലേ, അതുപോലെ ഒരു ചെറിയ വിമ്മിഷ്ടം! പക്ഷെ അവരുടെ ജീവിതത്തിൽ അത് 'അവകാശങ്ങളുള്ള ഒരു മനുഷ്യനാണ് താൻ' എന്ന തിരിച്ചറിവില്ലായ്മയാണ്.)
ഭാഗം 4: 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം?'
ഇതൊരു ചോദ്യമാണെങ്കിലും, അതവതരിപ്പിക്കപ്പെടുന്നത് ഇങ്ങിനെയാണ്; 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം!!!'
1. ഗ്രൂപ്പ് എ ജോലികൾ:
2012ലെ കണക്കുകൾ. 'ഗ്രൂപ്പ് എ' ജോലിയെന്നാൽ, ഈ സിവിൽ സർവിസും, ഗസറ്റഡ് ഓഫീസർമാരുമുള്ള മുകളിലെ ലെയർ ജോലികൾ. സമൂഹത്തിൽ 30% മാത്രം വരുന്ന 'ഉയർന്ന' ജാതിക്കാരാണ് 75% ഗ്രൂപ്പ് A ജോലികളിലുമുള്ളത്.
2. സാമ്പത്തികം
ഗ്രാമീണ മേഖലയാവട്ടെ, നഗരങ്ങളാവട്ടെ, ദാരിദ്ര്യം ഏറ്റവും കൂടുതൽ കാണുന്നത് ഹിന്ദു 'താഴ്ന്ന' ജാതികളിലും, മുസ്ലീമുകളിലുമാണ്. ഹിന്ദു 'ഉന്നത'ജാതിക്കാരിലും, ക്രിസ്ത്യാനികളിലും ഉള്ള ദാരിദ്ര്യം എടുത്തുപറയത്തക്ക വിധം കുറവാണ്.
source |
ഈ എൻട്രൻസ് കോച്ചിങ്, ഐഎസ് കോച്ചിങ് പോലുള്ളവയ്ക്കൊക്കെ പോവാൻ പണം വേണം. കാശുള്ളവരിൽ കൂടുതലും ഈ 'ഉയർന്ന' ജാതിക്കാരാണ്. അപ്പോൾ, നല്ല സ്ഥാപനങ്ങളിൽ നിന്നും കോച്ചിങ് കിട്ടിയ ഈ പണമുള്ള ഉയർന്ന ജാതിക്കാരും, ഇങ്ങിനെ വല്യ കോച്ചിങിനൊന്നും പോവാൻ പറ്റാത്ത ഒരു ദരിദ്രനും ഒരേ പരീക്ഷ എഴുതുന്നത് അനീതിയല്ലേ?
ഇതിവിടെ കഴിയുന്നില്ല. +2 കഴിഞ്ഞു കേരളത്തിലെ എഞ്ചിനീയറിംഗ് മെഡിസിൻ പഠനത്തിന് സീറ്റ് കിട്ടാത്ത പണക്കാർ എന്ത് ചെയ്യും? കുറെ കാശ് വാരിയെറിഞ്ഞു തമിഴ്‌നാട്ടിലും വേറെ സംസ്ഥാനങ്ങളിലുമുള്ള സ്വകാര്യ കോളേജുകളിൽ ചേരും. പാവങ്ങളോ? ഇതും അനീതിയല്ലേ?
അകത്ത് വരൂ എന്ന് പറഞ്ഞാലും 'പടിക്കു പുറത്ത്' നിൽക്കുന്നവരെ എങ്ങിനെയാണ് അകത്തേക്ക് കൊണ്ടുവരിക? വിശന്ന വയറുമായി ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയും, വയറു നിറഞ്ഞു ക്ലാസ്സിരിക്കുന്ന ഒരു കുട്ടിയും പഠിക്കുന്ന തോത് തന്നെ വ്യത്യസ്തമാണ്. എന്തിനേറെ, IQ വരെ മാറും**. ഈ സാമ്പത്തിക സാമൂഹിക കയറുകൾ മുറുകുന്നതുകൊണ്ടാണ് 'സംവരണം' എന്ന ഈ പ്രത്യേക പരിഗണന അനിവാര്യമാവുന്നത്.
** ഡച്ച് ചരിത്രകാരൻ ആർ സി ബ്രെഗ്മാൻ ഒരു TED-talk പറഞ്ഞത്: "The researchers asked them (the farmers) to do an IQ test before and after the harvest. What they subsequently discovered completely blew my mind. The farmers scored much worse on the tests before the harvest. The effects of living in poverty, it turns out, correspond to losing 14 points of IQ. It turns out that people behave differently when they perceive a thing to be scarce. And what that thing is it doesn't much matter - whether it's not enough time, money or food."
ഭാഗം 5: സംവരണത്തിലെ യാഥാർഥ്യം.
ഇന്ത്യയിലെ ജോലിക്കണക്ക് നോക്കുമ്പോൾ, ആകെ 400 ജോലികളിൽ 12 എണ്ണം മാത്രമാണ് സർക്കാർജോലികൾ. അതിലെ എൻട്രി ലെവൽ ജോലികൾ ഒരാൾ മാത്രമാണ് 'സംവരണ കാറ്റഗറി' വഴി ജോലിൽ പ്രവേശിക്കുന്നത്. (അതായത് ആകെ ജോലികളിൽ, 3% മാത്രം വരുന്ന സർക്കാർ ജോലികളിലെ 0.25% മാത്രമാണ് ഈ സംവരണക്കാർ 'തട്ടിപ്പറിക്കുന്നത്'). ചുരുക്കിപ്പറഞ്ഞാൽ തൊഴിലില്ലായ്മയ്ക്കും, സർക്കാർ ജോലികളുടെ ലഭ്യതക്കുറവിനും ബലിയാടാവുന്നത് ഈ 0.25% വരുന്ന സംവരണം അർഹിക്കുന്നവർ!
ഭാഗം 6: തൊഴിലില്ലായ്മ
പഠിച്ചിറങ്ങുന്ന/ പഠനം ഇടയ്ക്കു വച്ച് നിർത്തുന്ന 'എല്ലാവർക്കും' തൊഴിൽ കിട്ടിയിരുന്നെങ്കിൽ സംവരണം ഒരു 'അനീതി'യായി കാണപ്പെടുമായിരുന്നോ? സംവരണത്തിലെ അനീതിയെ കുറിച്ച് സംസാരിക്കുന്ന ഓരോ മനുഷ്യന്റെയും ഉത്കണ്ഠ, 'മാർക്ക് കൂടിയ കുട്ടിയ്ക്ക് സീറ്റില്ല'/ 'മാർക്ക് കൂടിയ വ്യക്തിയ്ക്ക് ജോലിയില്ല' എന്നതാണ്.
ഇവിടെ മുഖ്യ വിഷയം 'സീറ്റില്ലായ്മയും' 'ജോലിയില്ലായ്മയു'മാണ്, അല്ലാതെ സംവരണമല്ല!
2020, ജനുവരി-മാർച്ചിലെ കണക്കുകൾ പ്രകാരം, 15-29 പ്രായത്തിനിടയിലുള്ള കേരളത്തിലെ യുവജനതയുടെ തൊഴിലില്ലായ്മ നിരക്ക് 40.5% ആണ്. നൂറിൽ 41 പേർ തൊഴിൽ രഹിതർ എന്നർത്ഥം. അവിടുന്നിങ്ങോട്ട് തൊഴിലില്ലായ്മ കൂടുക മാത്രമേ ഉണ്ടായിട്ടുള്ളു! മുകളിൽ കണ്ടതുപോലെ, 12 സർക്കാർ പൊസിഷനുകളിലെ, സംവരണത്താൽ ജോലി കിട്ടിയ ഒരാളെ മാറ്റി നിർത്തി 'മെറിറ്റ്' നോക്കി ഒരാളെ എടുത്താൽ തീരില്ല തൊഴിലില്ലായ്മ എന്ന ദുരന്തം.
എല്ലാ കാലത്തും സംവരണം വേണമെന്നല്ല, പക്ഷെ, അസമത്വത്തിനെതിരെ ഇന്നത്തെ വ്യവസ്ഥിതിയെക്കാൾ കാര്യക്ഷമമായ ഒരു വ്യവസ്ഥിതി വരുന്നതുവരെ ഈ ലൈഫ് ജാക്കറ്റിൽ തൂങ്ങിപ്പിടിച്ചേ മതിയാവുകയുള്ളു.