കോവിഡ്19 ലോകവ്യാപിതമായ പശ്ചാത്തലത്തിൽ ഒരുപാട് കേൾക്കുന്ന ഒന്നാണ് 'ഫ്ളാറ്റനിങ് ദ കർവ്'. ക്രമാതീതമായി കുത്തനെ ഉയരുന്ന കോവിഡ്19 എണ്ണത്തെ ആരോഗ്യമേഖലയ്ക്കു അമിതഭാരമാവാതെ നിയന്ത്രിതമായി കൊണ്ടുപോവേണ്ട അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു ഇത്. ഒരുപാട് മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ നോക്കിയാൽ കാണാവുന്നത്, കുത്തനെ കൂടിയ രോഗികളുടെ എണ്ണം കാരണം ആശുപത്രികൾ നിറഞ്ഞൊഴുകി. അങ്ങിനെ കൂടിയ രോഗതീവ്രതയുള്ളവർ ആവശ്യ ചികിസ്ത കിട്ടാതെ മരണമടഞ്ഞു. അതുകൊണ്ടുതന്നെ, ആരോഗ്യമേഖലയ്ക്ക് താങ്ങാൻ കഴിയുന്ന പരിധിയിൽ രോഗബാധിത നിയന്ത്രിതമാകേണ്ടത് മരണനിരക്ക് കുറയ്ക്കാൻ അനിവാര്യമാണ്. ചിത്രം1 നോക്കുക; തുടക്കത്തിലേ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗം പകരുന്ന നിരക്ക് കുറയ്ക്കാൻ കഴിയും, അതുകൊണ്ടു തന്നെ ആശുപത്രി-സൗകര്യങ്ങളുടെ പരിധിയിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിച്ചു നിർത്താനും കഴിയും.
ചിത്രം1 |
പല രാജ്യങ്ങളും പല സമീപനമാണ് 'ഫ്ളാറ്റനിങ് ദ കർവ്' നുവേണ്ടി എടുത്തിരിക്കുന്നത്.
ഫെബ്രുവരി അവസാനത്തോടെ യൂറോപ്യൻ യൂണിയൻ അംഗമായ ഇറ്റലിയിൽ കോവിഡ്19 ബാധിതരുടെ എണ്ണം കുത്തനെ കൂടിയത് കണ്ടു. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച ആരോഗ്യ വ്യവസ്ഥിതി ഉണ്ടെന്നു കരുതിയ രാജ്യങ്ങളിലൊരിടത്താണ് ഇത് സംഭവിച്ചത്. എന്തുകൊണ്ട്? ഇവരുടെ ആരോഗ്യ വ്യവസ്ഥിതിയുടെ പാളിച്ചയോ അതോ വേറിട്ട സമീപനമോ?
അടുത്തറിയാം ഇവിടെ.
ലേഖിക ഫിന്ലാന്ഡിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയാണ്. കേരളത്തിന്റെ ഒൻപത്തിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്.
ആദ്യം അനുഭവങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. മാർച്ച് രണ്ടാംവാരത്തിലാണ് സർവകലാശാലയിൽ ആദ്യ കോവിഡ്19 സ്ഥിതീകരിച്ചത്; ഓസ്ട്രിയയിൽ സ്കീയിങ് അവധിയ്ക്ക് പോയി തിരികെ എത്തിയ 17 വിദ്യാർത്ഥികൾക്ക്. സർവകലാശാല അടച്ചത് മാർച്ച് 18 ന് (മൂന്നാംവാരം); അതായത്, സർവകലാശാലയിൽ കോവിഡ്19 സ്ഥിതീകരിച്ചു ഒരു ആഴ്ചയോളം കഴിഞ്ഞിട്ട്. എന്തുകൊണ്ടാണ് ആരോഗ്യത്തിൽ ലോകത്തിനു തന്നെ മാതൃകയായ ഒരു രാജ്യം ഇത്തരം ഒരു കാലതാമസം വരുത്തിയത്?
ഭൂപടം പ്രകാരം, കിഴക്കേ രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഈ പടിഞ്ഞാറൻ രാജ്യങ്ങൾക്കുള്ളത്.
കിഴക്കൻ രാജ്യങ്ങളിൽ 'ടോപ്-ഡൗൺ' സമീപനമായിരുന്നു കണ്ടതെങ്കിൽ, പടിഞ്ഞാറൻ EU രാജ്യങ്ങളിൽ 'ബോട്ടം-അപ്' സമീപനമാണ് കാണുന്നത്.
വിശദമാകുകയാണെങ്കിൽ,
നമ്മുടെ കേരളത്തിൽ, കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്ന വ്യക്തികളെ വിമാനത്താവളത്തിൽ തന്നെ വച്ച് തന്നെ തിരിച്ചറിയാനും, ആവശ്യ നിർദ്ദേശം കൊടുക്കാനും ഉള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവന്നു. കോവിഡ്19 സ്ഥിതീകരിച്ച ആളുമായി ഇടപഴകിയവരെ ട്രേസ് ചെയ്തു കണ്ടെത്തി ആരോഗ്യവകുപ്പുവഴി വീട്ടിൽ/ ആശുപത്രികളിൽ ക്വാറൻറ്റൈൻ ചെയ്യാനുള്ള വ്യവസ്ഥ ഉണ്ടാക്കി. അതുപോലെ അംഗനവാടി ഉച്ചഭക്ഷണ വിതരണവും എല്ലാം സർക്കാരിന്റെ തീരുമാനങ്ങളാണ്. മറ്റൊരു ഭാഷ്യത്തിൽ തീരുമാനങ്ങൾ എല്ലാം സർക്കാരിൽ നിന്ന് ജനങ്ങളിലേക്കാണ്; ടോപ്-ഡൗൺ സമീപനം.
ഇനി ഫിൻലന്റിലേക്കുപോകാം. കേരളത്തിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഉണ്ടായിരുന്നത് ഇവിടെ; ഇവിടെ സർക്കാർ അവസാന കണ്ണിയാവുകയാണ് ചെയ്തത് -അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ-.
സർക്കാർ അറിയിപ്പ് കൊടുക്കുന്നു ജനങ്ങൾക്ക്, ജനം അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നു. ഉദാ: ഓസ്ട്രിയ കോവിഡ്19 ബാധിത പ്രദേശമായി പ്രഖ്യാപിച്ച ശേഷമാണ് ഔലു (അർബൻ ജനസാന്ദ്രത: 915.8/km2) സർവകലാശാല വിദ്യാർഥികളുടെ ഇൻഫെക്ഷൻ കണ്ടെത്തുന്നത്. അതിനു ശേഷം ആദ്യം വന്ന സർവകലാശാല സർക്കുലർ പറഞ്ഞത്, 'ജലദോഷപ്പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ വീട്ടിലിരിക്കുക' എന്നതാണ്. എന്നിട്ടു വിദൂര പഠനത്തിനുള്ള നിർദേശങ്ങളും. സർവകലാശാല വീണ്ടും മുന്നോട്ടുപോയി, ഗവേഷണങ്ങളും അധ്യാപനവും ഒക്കെയായി. സ്കൂളുകളും ഡേകെയർ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഔലു ഭരണകേന്ദ്രം സ്കൂളുകളോ, സർവകലാശാലകളോ അടയ്ക്കാൻ ആവശ്യപെട്ടിരുന്നുമില്ല (ഫിൻലൻഡ് 20 hospital-disctricts ആയി വിഭജിച്ചിരിക്കുന്നു [1] ). ഔലുവിലെ മറ്റൊരു കമ്പനിയിൽ രണ്ടു കോവിഡ്19 ബാധിതരെ കണ്ടെത്തിയപ്പോൾ, കമ്പനിയധികൃതർ അടുത്ത രണ്ടാഴ്ചക്കാലം അതടച്ചിടാൻ തീരുമാനിച്ചു (വർക്ക് ഫ്രം ഹോം). ഇവിടെയൊന്നും ഔലു ഭരണകൂടമായിരുന്നില്ല തീരുമാനങ്ങളെടുത്തിരുന്നത്, മറിച്ചു അതാത് സ്ഥാപങ്ങളാണ്; ബോട്ടം-അപ് സമീപനം. ഭരണകൂടത്തിന് അധിക-ജോലിയൊഴിവാക്കുക എന്ന സാഹചര്യം.
തങ്ങൾ കൊറോണ ബാധിതരാണെന്നു തോന്നിയാലും, ലക്ഷണങ്ങൾ വളരെ കുറഞ്ഞ തോതിലാണെങ്കിൽ വീട്ടിലിരുന്നാൽ മതി; 'ആരോഗ്യമേഖലയെ വിളിക്കരുത്' എന്ന് എടുത്ത് പറയുന്നുമുണ്ട്. ലക്ഷണങ്ങൾ മോശമായി തുടങ്ങി എന്ന് കണ്ടാൽ ഹെൽപ്-ലൈൻ നമ്പറിലേക്കു വിളിക്കാം. മാർച്ച് 17 നാണു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതെ തുടർന്ന്, മാർച്ച് 18 മുതൽ സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും അടച്ചു/ വിദൂര വിദ്യാഭ്യാസത്തിലേക്ക് നീങ്ങി; ഗവേഷങ്ങൾ തുടരാം അപ്പോഴും. പത്താളിൽ കൂടുതൽ ആളുകൾ കൂടി നില്കരുതെന്ന നിർദ്ദേശം, മ്യൂസിയം, തിയേറ്റർ, വായനശാല തുടങ്ങിയവ അടച്ചു, അന്താരാഷ്ട്ര യാത്രകളിൽ ക്രമീകരണം കൊണ്ടുവന്നു (പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു), അങ്ങിനെ 19 നിർദ്ദേശങ്ങൾ [2].
ഇവിടെ, നമ്മുടെ നാട്ടിലേതുപോലെ ശക്തമായ കോൺടാക്ട് ട്രേസിങ് നടക്കുന്നില്ല (അതോ ജനസംഖ്യ കുറവായതുകൊണ്ടു തിരിച്ചറിയാത്തതോ?!). ഇപ്പോഴും ഡേകെയർ സ്ഥാപങ്ങൾ പ്രവർത്തത്തിക്കുന്നുമുണ്ട്. വിശ്വാസമാണ് ഇവിടത്തെ ശക്തമായ കണ്ണി. സർക്കാർ നിർദ്ദേശങ്ങൾ ജനം പാലിക്കുമെന്ന വിശ്വാസം സർക്കാരിനും, സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസം ജനത്തിനുമുണ്ട്. അതിലുപരി, എത്ര കൊറോണ കേസുകൾ വന്നാലും, അത് ആരോഗ്യവകുപ്പിന് താങ്ങാൻ കഴിയുന്ന പരിധിയിൽ വന്നാൽ കുഴപ്പമില്ല എന്നതാണ് നിലപാട്. അതുകൊണ്ടു തന്നെ, സാമ്പത്തികപരമായി ചുരുങ്ങിയ ചിലവിൽ എങ്ങിനെ കാര്യങ്ങൾ പ്രശ്നരഹിതമായി മുന്നോട്ടു കൊണ്ടുപോവാം എന്നാണു സർക്കാർ നോക്കുന്നത്; ഒരു മഹാമാരിയെ കാത്തിരിക്കുക തന്നെയാണ് ചെയ്യുന്നത്. അതിന്റെ വേഗത കുറയ്ക്കുക എന്ന് മാത്രമേ ലക്ഷ്യമാക്കുന്നുള്ളു.
അവലംബം:
അധികവായനയ്ക്ക്:
EU/ ഫിന്നിഷ് വാർത്തകൾ:
https://who.maps.arcgis.com/apps/opsdashboard/index.html#/ead3c6475654481ca51c248d52ab9c61
No comments:
Post a Comment