Tuesday, 25 May 2021

ജനാധിപത്യത്തിന്റെ കാര്യക്ഷമത; ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുൻമന്ത്രി തുടർത്താത്തതിലെ ജനരോഷത്തിന്റെ മൂലകാരണം എന്താണ്? ശൈലജ എന്ന സ്ത്രീയെ അവഗണിച്ചു എന്നതാണോ? ശൈലജ എന്ന ജനകീയനേതാവിനെ അവഗണിച്ചു എന്നതാണോ? ലക്ഷദ്വീപാൽ തള്ളിമാറ്റപ്പെട്ട ഈ പ്രശ്നത്തെ കീറിമുറിച്ച് ഒന്ന് പോസ്റ്റ്മോർട്ടം ചെയ്യാം!

I) മുൻ ആരോഗ്യമന്ത്രി വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.

II) മുൻ ആരോഗ്യമന്ത്രി, അതേ വകുപ്പിൽ തുടരും എന്ന് സമൂഹം ഉറപ്പിച്ചു.

III) ആരോഗ്യവകുപ്പ് മറ്റൊരു വ്യക്തിയ്ക്ക്.

IV) ജനഹിതം നടന്നില്ല. ഇച്ഛാഭംഗം പ്രതിഷേധമായി പുറത്തുവന്നു.

V) പാർട്ടി തങ്ങളുടെ തീരുമാനത്തിൽ നിന്നും മുടിനാരിഴ പോലും നീങ്ങിയില്ല.


ജനം ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്: മുൻ ആരോഗ്യമന്ത്രി അതേ പദവിയിൽ തുടരും. മുൻ ആരോഗ്യമന്ത്രി ഒരു സ്ത്രീയും, ഒരു ജനകീയ നേതാവും, ഒരു കാര്യക്ഷമമായ നേതാവും ആയിരുന്നു.

LDF വാദങ്ങൾ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു. അതിലെ പ്രസക്തമായ ഏതാനും 'ഘടകങ്ങൾ' ഒന്ന് നോക്കാം.

1) ലിംഗ സമത്വവും, സ്ത്രീ പ്രാതിനിധ്യവും.

2) രാഷ്ട്രീയ വിവേചനം. 

3) രാഷ്ട്രീയ പ്രഭുത്വവാഴ്ച.

4) ജനാധിപത്യത്തിന്റെ കാര്യക്ഷമത.

LDFൻറെ ഖണ്ഡിക്കാനാവാത്തതും എന്നാൽ വഴിതെറ്റിക്കുന്നതുമായ വാദങ്ങൾ (തെറ്റായ ന്യായവാദം - logical fallacy), വിഷയത്തിന്റെ ഗൗരവത്തെ പാടെ ദുർബലമാക്കി; ചുരുങ്ങിയത് ജനമധ്യത്തിൽ.

1) വീണ ജോർജിനെ ആരോഗ്യമന്ത്രിയാക്കിക്കൊണ്ട് ഒന്നാമത്തെ വാദത്തിനു തളയിട്ടു; ശൈലജയെപ്പോലെ വീണയും ഒരു 'സ്ത്രീ'യാണ്!

2) ശൈലജ മാത്രമല്ല, മുൻമന്ത്രി മണിയും ഇല്ലല്ലോ മന്ത്രിസഭയിൽ, തോമസ് ഐസക് മത്സരിച്ചതുപോലുമില്ല. ഇവരൊക്കെ ജനകീയരും കാര്യക്ഷമവുമായ നേതാക്കൾ തന്നെയല്ലേ!

വൈദ്യുതവകുപ്പ് മന്ത്രി തുടരണം എന്ന് ജനം ആഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ ഉണ്ടായോ? ശൈലജ 60k ഭൂരിപക്ഷത്തിൽ ജയിച്ചു. തോമസ് ഐസക് എത്ര വോട്ടിനാണ് ജയിച്ചത്? - ഓ! ആൾ മത്സരിച്ചില്ലല്ലോ അല്ലേ! അപ്പൊ, ഐസക് വീണ്ടും ധനമന്ത്രിയാവുമെന്ന് ജനം പ്രതീക്ഷിക്കുകയോ, ആൾക്ക് വോട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല.

3) ഇത് വ്യക്തിഗതമല്ല, പാർട്ടി തീരുമാനമാണ്. എല്ലാവരും പുതിയ മന്ത്രിമാരാണ്; ശൈലജയ്ക്കു മാത്രം പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല. വ്യക്തിയല്ല പോളിസികളിലാണ് കാര്യം. പാർട്ടി പോളിസികൾ നടത്താൻ പ്രത്യേക വ്യക്തിയുണ്ടായെ തീരു എന്നില്ല.

ഉം...അപ്പൊ... പിണറായി??? LDF ആന്തരമായി പറയുന്നത്, അവർക്ക് പിണറായി അല്ലാതെ മുഖ്യമന്ത്രിയാവാൻ യോഗ്യരായ വേറെ ആരുമില്ലെന്നാണോ? അതോ പിണറായിക്ക് ഈ 'പ്രത്യേക പരിഗണന' ആവാമെന്നോ? അടിസ്ഥാനം 'നേതൃത്വപാടവമായിരിക്കണം'. ശൈലജ ആരോഗ്യത്തിൽ തുടരും എന്ന് കരുതിയതുപോലെതന്നെ പിണറായി മുഖ്യമന്ത്രിയായി തുടരും എന്നും ജനം കരുതിയിരുന്നു. എന്തായാലും രണ്ടിലൊരാൾ ഉണ്ടല്ലോ, ആശ്വാസം!


4) ജനാധിപത്യത്തിന്റെ കാര്യക്ഷമത - ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുകളിലെ ഏതൊരു വാദത്തേക്കാളും ജനശബ്ദത്തിന് പ്രാധാന്യം കൊടുക്കാൻ കഴിയുമായിരുന്നത് 'ജനാധിപത്യത്തിന്റെ കാര്യക്ഷമത'യെ ചോദ്യം ചെയ്തിരുന്നുവെങ്കിലാണ്. ഇവിടെ മാത്രമാണ് എന്തെങ്കിലും മാറ്റം നിയമപരമായും, സ്ഥായിയായും വരുത്താൻ കഴിയുമായിരുന്നത്.

ഒരു മന്ത്രിമാരും ഒരക്ഷരം പോലും പറയാതിരുന്ന ഒന്ന്! ആർക്കും ഇതിനെതിരെ ന്യായവാദം ഇറക്കാനാവില്ല. കാരണം, ഇത് തിരഞ്ഞെടുപ്പ് വ്യവസ്ഥയിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്. ആർക്കും പറയാൻ പറ്റുമായിരുന്നില്ല 'തിരഞ്ഞെടുപ്പ് നിയമം ഇത് അനുശാസിക്കുന്നില്ല, അതുകൊണ്ട്, ജനം എന്ത് പറഞ്ഞാലും, പാർട്ടിയ്ക്ക് തങ്ങളുടെ തീരുമാനം നടത്താം' എന്ന്. ഇങ്ങിനെ ഒരു വാദം LDF ഇറക്കിയാൽ, അത് മുതലയുടെ വായിൽ പോയി കിടക്കുന്നതിന് തുല്യമാണ്. ജനത്തിനു തുറന്നു ആഹ്വാനം ചെയ്യാം തിരഞ്ഞെടുപ്പ് നിയമ പരിഷ്കരണത്തിന്! എന്തിനാ അതിനിട വരുത്തുന്നത്, അല്ലേ! രാഷ്ട്രീയത്തിൽ വല്യ പിടിപാടില്ലാത്ത ഈ എഴുത്തുകാരിക്ക് ഇങ്ങിനെ ചിന്തിച്ചു പോവാൻ പറ്റുമെങ്കിൽ, തീർച്ചയായും ഒരു LDF നേതാവിനും ഇത് ചിന്തിക്കാൻ കഴിയുമെന്ന് കരുതുന്നു.

മുൻ-ആരോഗ്യമന്ത്രിയുടെ തുടർഭരണം ജനം ആഗ്രഹിച്ചത് അവർ ഒരു സ്ത്രീയായതുകൊണ്ടല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത് ജനകീയനേതാവ് എന്ന കാരണത്താലല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത്, കേരള ആരോഗ്യ രംഗത്തെ കാര്യക്ഷമമായി കൊണ്ടുപോയ ഒരു നേതാവെന്ന നിലയിലാണ്. തങ്ങളുടെ പ്രതിനിധിയായി, വീണ്ടും 'ആരോഗ്യ മന്ത്രിയാവാൻ' വേണ്ടി മാത്രമാണ് ജനം ശൈലജയെ തിരഞ്ഞെടുത്തത്.

പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും ജനശബ്ദം പിന്തള്ളപ്പെടുകയാണിവിടെ.

മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ജനഹിതത്തിന് പങ്കു വേണം.

പാർട്ടി പോളിസികൾ നടത്താൻ ഒരു പ്രത്യേക വ്യക്തി വേണമെന്നില്ല; മന്ത്രിമാരെ ജനം തിരഞ്ഞെടുക്കട്ടെ, ആ മന്ത്രിമാർ പാർട്ടി പോളിസികൾ നടത്തട്ടെ!

ജനഹിതം വളരെ വളരെ ലളിതമായി ഇങ്ങിനെ പറയാം "ഞങ്ങൾക്കിനിയും വേണം ആ മന്ത്രിയെ". ശൈലജയ്ക്ക് ആരോഗ്യമല്ലാത്ത മറ്റേതു വകുപ്പ് കൊടുത്താലും ഇതുപോലൊരു ജനരോഷം കാണാൻ കഴിയുമായിരുന്നു എന്ന് കരുതാവുന്നതാണ്.

ഇവിടെ നിയമം തന്നെ ജനത്തിന്റെ ശബ്ദത്തിന് തളയിടുകയാണ്.

മറ്റു മൂന്നുവിഷയങ്ങൾക്ക് പ്രസക്തി കുറവാണെന്നോ, അതില്ലെന്നോ അല്ല. ജനരോഷത്തിന്റെ മൂലകാരണത്തിന് ഊന്നൽ കൊടുക്കുകയും, അതിൻറെ പ്രസക്തി ഉയർത്തിക്കാണിക്കുകയും വേണം.

Saturday, 22 May 2021

പുതിയ കീഴ്വഴക്കങ്ങളിൽ നിന്നും നിയമ ഭേദഗതിയിലേക്ക്

മുൻ ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ കാണാത്തതിലുള്ള ജനരോഷം ഇത്ര പെട്ടന്ന് കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. രാഷ്ട്രീയ പാർട്ടികളെയോ, വ്യക്തികളെയോ, ആശയങ്ങളെയോ വിമർശിക്കലല്ല ഉദ്ദേശം. മറിച്ച്, കെട്ടടങ്ങിയ ജനരോഷത്തെയും, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നൈതികതയെയും മാറിനിന്ന് നോക്കിക്കാണലാണ്‌ ഉദ്ദേശം.


"കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയര്‍ന്നപ്പോള്‍, അത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്" - മാതൃഭൂമി

കോടിയേരി പരാമർശിച്ച 'പുതിയ കീഴ്വഴക്ക'മാണ് വിഷയം. അതിന്റെ നിയമപരത, അതിലെ നീതി-ന്യായങ്ങൾ, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെ ഒന്നവലോകനം ചെയ്യാം!


ഭാഗം 1: സമൂഹത്തിന്റെ ഇച്ഛാഭംഗം

1) മുൻ ആരോഗ്യമന്ത്രി വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.

2) മുൻ ആരോഗ്യമന്ത്രി, അതേ വകുപ്പിൽ തുടരും എന്ന് സമൂഹം ഉറപ്പിച്ചു.

3) ആരോഗ്യവകുപ്പ് മറ്റൊരു വ്യക്തിയ്ക്ക്.

പ്രതീക്ഷ നടക്കാത്തത്തിലുള്ള സമൂഹത്തിന്റെ 'ഇച്ഛാഭംഗം' പല രൂപങ്ങളിലും വാദങ്ങളിലുമായി പുറത്തു വന്നു. പാർട്ടി തങ്ങളുടെ തീരുമാനത്തിൽ നിന്നും മുടിനാരിഴ പോലും നീങ്ങിയില്ല.


ഭാഗം 2: 'വ്യക്തിയല്ല, നയങ്ങളാണ് പ്രസക്തം'

ഒരു പാർട്ടിയുടെ വിജയം, അത് വ്യക്തികൾക്കതീതമാവുമ്പോഴാണ്.

അധികാരക്കസേരയിലാരിരുന്നാലും പാർട്ടിനയങ്ങൾ നടപ്പിലാക്കാനാവും എന്നത്, പാർട്ടിയുടെ ശക്തമായ ഇച്ഛാബോധത്തെയും, പ്രതിബദ്ധതയെയും, സഹകരണത്തെയും കാണിക്കുന്നു.

യാഥാർഥ്യത്തോടടുത്തുനിന്ന് നോക്കിയാൽ കാണാം; ഒരു പാർട്ടി ഒറ്റയ്ക്കല്ല, പാർലിമെന്റിലെ ഭരണപക്ഷവും, പ്രതിപക്ഷവും, പല വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, വിദഗ്ദർ, പത്രപ്രവർത്തകർ തുടങ്ങിയ ഘടകങ്ങൾ ചേർന്ന ഒരു സങ്കീർണമായ യന്ത്രമാണ് നയങ്ങൾ നടപ്പിലാക്കുന്നത്. ഈ സങ്കീർണമായ യന്ത്രത്തിന്റെ സഹകരണ സ്വഭാവം, ധാർമികത, പരസ്പര വിശ്വാസം, ആത്മാർത്ഥത, കാര്യക്ഷമത തുടങ്ങിയവയ്ക്കനുസരിച്ചിരിക്കും നയങ്ങളുടെ നിലവാരവും ജനസമ്മിതിയും. 'സർക്കാർ വ്യവസ്ഥിതി' എന്ന് വിളിക്കാം ഈ യന്ത്രത്തെ. ഒരാഴ്ച ഒരു വകുപ്പ് മന്ത്രി മാറി എന്ന് കരുതി ഇടിഞ്ഞു വീഴുന്ന ഒരു വ്യവസ്ഥയല്ല ഇവിടെ നിലനിൽക്കുന്നത്. മന്ത്രി ഒരു ജനപ്രതിനിധി മാത്രമാണ്, അവിടെ വിവരശേഖരണം മുതൽ നിഗമനവും തീരുമാനങ്ങളും വരെ മന്ത്രിയ്ക്കു നിർദ്ദേശിക്കുന്നത് സർക്കാർ വ്യവസ്ഥിയിലെ വിദഗ്ധരാണ്.

ഒരുവിധം നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വ്യവസ്ഥിതിയിൽ, സാമൂഹികമായി വലിയ തിരക്കുകളും അത്യാവശ്യങ്ങളും ഒന്നുമില്ലാത്ത ഒരാഴ്ചയിൽ മന്ത്രിമാരെ മാറ്റി HSS വിദ്യാർത്ഥികളെ നിർത്തിയാലും ഈ യന്ത്രം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവും.

പറഞ്ഞുവരുന്നത്, ഒരുവിധം നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വ്യവസ്ഥിതിയിൽ, നയങ്ങൾ നടപ്പിലാക്കാൻ ഒരു പ്രത്യേക മന്ത്രിയേതീരൂ എന്ന അവസ്ഥ ഇല്ല എന്ന് തന്നെ. നയങ്ങളും അവയുടെ നടത്തിപ്പുമാണ് പ്രസക്തം.


ഭാഗം 3: സമൂഹത്തിന്റെ ഇച്ഛാഭംഗത്തിൽ കഴമ്പുണ്ടോ?

ജനത്തിന്റെ ആക്രാശം കേട്ട് പാർട്ടി തീരുമാനങ്ങൾ മാറ്റാൻ തുടങ്ങിയാൽ, ജനത്തിനു പാർട്ടിയിലുള്ള വിശ്വാസ്യത തന്നെ കാലക്രമേണ കുറഞ്ഞുവരാനുള്ള സാധ്യതയാണ് കൂടുതലുള്ളത്; ഇന്ന് ഒരു വാഗ്ദാനം തന്നാലും, നിർബന്ധിച്ചാൽ തീരുമാനം മാറ്റുന്ന പാർട്ടിയെ എങ്ങിനെ വിശ്വസിക്കാനാവും!   

ഭാഗം 2ൽ കണ്ടതുപോലെ, ആരോഗ്യവകുപ്പ് മുന്നോട്ടു കൊണ്ടുപോവാൻ ഷൈലജടീച്ചർ കൂടിയേ തീരു എന്ന അവസ്ഥ ഇല്ല എന്ന് തന്നെ ചുരുക്കം. 'ഇച്ഛാഭംഗം' എന്ന വൈകാരികത ഒന്നുറങ്ങിയെണീറ്റാൽ തീരാവുന്നതേയുള്ളു! അത് തീർന്നു എന്നും കാണുന്നു.

പക്ഷെ, ഒരു ക്രിമിനൽ റെക്കോർഡ് ഉള്ള വ്യക്തി മന്ത്രിയായി വരികയും ജനരോഷം ഉയരുകയും ചെയ്‌താലോ? 'വ്യക്തിയല്ല, പോളിസിയാണ് പ്രധാനം' എന്ന് പറഞ്ഞു ഒരു ക്രിമിനലിനെ മന്ത്രിയാക്കി വയ്ക്കാനാവില്ല.

ചില സന്ദർഭങ്ങളിലെങ്കിലും നയങ്ങൾക്കു മുകളിൽ വ്യക്തിയ്ക്ക്‌ പ്രസക്തിയുണ്ട് (രണ്ടാം വട്ടം മുഖ്യമന്ത്രിയായി വന്ന പിണറായി ഒരുദാഹരണം). സമൂഹത്തിന്റെ രോഷം സാധുവാകുന്ന അവസരങ്ങൾ തള്ളിക്കളയാനാവില്ല. സമൂഹത്തിന്റെ രോഷം/ ഇച്ഛാഭംഗത്തിലെ കഴമ്പ് സാന്ദര്‍ഭികമായി പരിശോധിക്കേണ്ട ഒന്നാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതു ഘട്ടത്തിലാണ് ഒരു പാർട്ടി ജനരോഷം അംഗീകരിക്കേണ്ടത്? നിയമം അതനുശാസിക്കുന്നുണ്ടോ?


ഭാഗം 4: ജനരോഷത്തിന്റെ സാധുത

ജനരോഷം സാധുവാണെങ്കിൽ പുതിയ കീഴ്വഴക്കത്തിന് പാർട്ടി തയ്യാറാവേണ്ടി വരും. എന്നാൽ ഇന്നത്തെ തിരഞ്ഞെടുപ്പ് നിയമവ്യവസ്ഥയിൽ ജനരോഷത്തിന്റെ സാധുത പരിശോധിക്കാനവസരമില്ല.  സാധുത പരിശോധിക്കാനും, പാർട്ടികളുടെ അധികാര ദുർവിനിയോഗം തടയാനും വസ്തുനിഷ്ഠമായ അനുശാസനങ്ങൾ വേണം. ഈ അനുശാസനം ജനാധിപത്യപരമായിരിക്കുകയും വേണം. അതായത്, ജനത്തിന്റെ ശബ്ദത്തിനാവണം മുൻഗണന.


ഭാഗം 5: കേരളത്തിലെ ജനാധിപത്യം

'ഇന്ത്യയിലെ' എന്ന സാമാന്യവൽക്കരണം വേണ്ട, കേരളസംസ്ഥാനവും അതിന്റെ രാഷ്ട്രീയവും മാത്രമെടുക്കാം. നമ്മുടെ പ്രാതിനിധ്യ-ജനാധിപത്യ വ്യവസ്ഥിതിയിൽ, രാഷ്ട്രീയ തീരുമാനങ്ങളിൽ ജനങ്ങൾക്കുള്ള പങ്കെന്താണ്? പാർലിമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താം, ഗ്രാമസഭയിൽ പങ്കെടുക്കാം, പഞ്ചായത്ത് തീരുമാനങ്ങളിൽ പങ്കാളികളാവാം.


പഞ്ചായത്ത് പ്രവർത്തനം: പ്രത്യക്ഷത്തിൽ നോക്കിയാൽ, പഞ്ചായത്ത് ചെയ്യേണ്ട കാര്യങ്ങൾ/ തീരുമാനങ്ങൾ അധികാരശൃംഖലയുടെ മുകളിൽ നിന്നും ഉത്തരവായി താഴോട്ട് വരുന്നതാണ് കൂടുതലും കാണുന്നത്. അതായത്, സർക്കാർ തീരുമാനങ്ങൾ സുഗമമായി നടത്താനുള്ള അധികാരശൃംഖലയിലെ അവസാന കണ്ണിയായാണ് പഞ്ചായത്ത് കൂടുതലും പ്രവർത്തിക്കുന്നത്. ഉദാ: ലൈഫ് മിഷൻ.

ഒരു ചിന്താപരീക്ഷണം: നിങ്ങളുടെ പഞ്ചായത്തിലെ ചില പാടങ്ങൾ നികത്തി ഒരു ഹൈവേ വരികയാണ്; നികത്തുന്ന പാടത്തിന്റെ ഉടമയ്ക്ക് ഒരു നിശ്‌ചിതതുക സർക്കാർ നൽകും. പഞ്ചായത്തിലെ ഭൂരിഭാഗം ജനത്തിനും ഇതിൽ പ്രതിഷേധമുണ്ട്. ഇത്തരമൊരവസരത്തിൽ, ഗ്രാമസഭ കൂടി പഞ്ചായത്തിന്റെ വിയോജിപ്പ് ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ഉള്ള അധികാരികൾക്കു മുന്നിൽ അവതരിപ്പിക്കാനും, തങ്ങളുടെ ആകുലതകൾ പറയാനും കഴിയണം.

ജനങ്ങളുടെ ശബ്ദമാവണം പഞ്ചായത്ത്. ജനത്തിന്റെ ആവശ്യം മുകൾത്തട്ടിലെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാവണം പഞ്ചായത്ത് മുഖ്യമായും നിലകൊള്ളേണ്ടത്. സർക്കാർ ഉത്തരവുകളുടെ അവസാന കണ്ണിയുമാവട്ടെ, ഇന്നത്തെപോലെതന്നെ!

ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രകടനങ്ങളും സമരങ്ങളും ഒക്കെയാണ് കൂടുതലും കണ്ടുവരുന്ന പ്രതിഷേധമാർഗങ്ങൾ. അതെല്ലാം  നല്ലതുതന്നെ. പക്ഷെ, പ്രതിഷേധപ്രകടനം/ സമരങ്ങൾ എന്നിവയല്ലാതെ തങ്ങളുടെ വിയോജിപ്പുകളും, പ്രതിഷേധങ്ങളും, ആവശ്യങ്ങളുമായി മുന്നോട്ടു പോവാൻ മറ്റൊരു 'പ്രാവർത്തികമായ' മാർഗ്ഗം വേണം ജനത്തിന്.


സംസ്ഥാന പാർലിമെന്റ്: ഒരു പാർലിമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത അഞ്ചു വർഷം പൊതുജനത്തിന് വിശ്രമിക്കാം. വോട്ട് ചെയ്യൽ മാത്രമാണ് മാത്രമാണ് പൊതുജന കർത്തവ്യം. അത് കഴിഞ്ഞു അടുത്ത അഞ്ചുവർഷം വരെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനു ആർപ്പുവിളിച്ചിരിക്കാം. വീണ്ടും തിരഞ്ഞെടുപ്പ്, അഞ്ചു വർഷം വിശ്രമം. ഇതിനിടയിൽ പാർട്ടി വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കിയാൽ നല്ലത്, എത്രയൊക്കെയായാലും അടുത്ത വർഷം വേറെ രാഷ്ട്രീയ കക്ഷികളാണ് ഭരണത്തിൽ വന്നുകൊണ്ടിരുന്നത് മിക്കവാറും. നയരൂപീകരണത്തിൽ ജനങ്ങളുടെ പങ്കെന്താണ്? പാർട്ടി/ ജനപ്രതിനിധി മുന്നോട്ടു വയ്ക്കുന്ന പ്രകടനപത്രിക ഭേദഗതി ചെയ്യാൻ/ പരിഷ്കരിക്കാൻ ജനത്തിനുള്ള അവസരം ഇന്ന് ദുർലഭമാണ്. ഇവിടെ പഞ്ചായത്തിന് ജനങ്ങളുടെ ശബ്ദമായി പ്രകടന പത്രികയ്ക്ക് നിർദ്ദേശം കൊടുക്കാൻ കഴിയണം.

ഒരു തിരഞ്ഞെടുപ്പിൽ, ഭരണത്തിൽ വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പാർട്ടിയുടെ, നിങ്ങളുടെ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയുടെ പ്രകടന പത്രിക അത്ര സ്വീകാര്യമല്ലെങ്കിലും, ആ വ്യക്തിയ്ക്ക് വോട്ട് നൽകാതിരിക്കുകയും എന്നാൽ പാർട്ടിയ്ക്ക് വോട്ട് നൽകാനും പറ്റുന്ന ഒരു സംവിധാനം വേണം.

ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് വ്യവസ്ഥിതി വ്യക്തിയെ അല്ല, 'പാർട്ടി'യെ തിരഞ്ഞെടുക്കാനുള്ളതാണ്. നിഷ്പക്ഷരുടെ ചായ്‌വിനനുസരിച്ച് LDFഉം UDFഉം മാറി മാറി വരുന്നു. ഒരു വോട്ടിനുവരെ നിങ്ങളുടെ പാർട്ടിയ്ക്ക് ഭരണം നഷ്ടപ്പെടാം, അതുകൊണ്ടു തന്നെ പ്രതിനിധിയോട് വല്യ താല്പര്യമില്ലെങ്കിലും, പാർട്ടിയോടുള്ള ചായ്‌വുമൂലം ആ വ്യക്തിയ്ക്ക് തന്നെ വോട്ട് ചെയ്യാൻ നിർബന്ധിതരാവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഭാഗം 6: പുതിയ കീഴ്വഴക്കങ്ങളിൽ നിന്നും നിയമ ഭേദഗതിയിലേക്ക്

മന്തിസഭയിൽ എല്ലാം പുതുമുഖങ്ങളാവുമ്പോൾ ഷൈലജയ്ക്കു മാത്രം ഇളവ് കൊടുക്കുന്നത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന കോടിയേരിയുടെ വാദം തർക്കമറ്റതാണ്. ആ വാദത്തോട് അക്ഷരം പ്രതി യോജിക്കുന്നു. പക്ഷെ, പുതിയ കീഴ്വഴക്കം ഒരു പടി മുന്നോട്ട് എന്ന നിലയിൽ നിയമപരമായി വരികയാണെങ്കിലോ? അവിടെ, നിയമം തീരുമാനിക്കും എന്ത് ചെയ്യണമെന്ന്; ആ നിയമം പാർട്ടിയുടെയും ജനത്തിന്റെയും താല്പര്യം പരിഗണിക്കുകയും വേണം.

പാർട്ടി ഭരിക്കുക എന്നാൽ എല്ലാം പാർട്ടി തീരുമാനിക്കുക എന്നർത്ഥം വരുന്നില്ല. പക്ഷേ, ഇന്നത്തെ തിരഞ്ഞെടുപ്പ് രീതികളിൽ അത് മാത്രമേ സാധ്യമാവുകയുള്ളു. ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം രാഷ്ട്രീയ പ്രഭുത്വവാഴ്ചയിലേക്ക് തെന്നിനീങ്ങാൻ പര്യാപ്തമായതാണ്.

ഇന്നത്തെ വ്യവസ്ഥയിൽ സ്ഥാനാർത്ഥിയിലൂടെ അയാളുടെ പാർട്ടിയെ ആണ് നാം തിരഞ്ഞെടുക്കുന്നത്. അതിനു പകരം, കുറഞ്ഞ പാർട്ടി സ്വാധീനത്തോടെ, തിരഞ്ഞെടുപ്പിൽ വ്യക്തികൾ ജയിക്കുകയും, പാർട്ടി ഭരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ജനാധിപത്യത്തിന്റെ ആഴം കൂട്ടാൻ സഹായിക്കും. ഒരുദാഹരണത്തിന്; നിങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടിയിൽ നിന്നും ഒന്നിലധികം പേർ സ്ഥാനാർഥികളായി നിൽക്കുന്നുവെങ്കിൽ, അതിലാർക്കു വോട്ട് ചെയ്താലും നിങ്ങളുടെ വോട്ട് പാർട്ടിയ്ക്കുതന്നെയാണ് പോവുക. അവിടെ നിങ്ങൾക്ക് അവസരമുണ്ട്, ആരെ വേണമെന്ന് തീരുമാനിക്കാൻ (choice). 

ഇതിനുതകുംവിധം നിയമം പരിഷ്കരിക്കണം. അത് വേണ്ടവണ്ണം നടപ്പിലാക്കാൻ പറ്റിയില്ലെങ്കിലോ എന്ന ആശങ്ക തോന്നുന്നുണ്ടെങ്കിൽ ഓർക്കുക, പരീക്ഷിച്ചും നിരീക്ഷിച്ചും തെന്നിവീണുമല്ലേ നടക്കാൻ പഠിക്കുക! ആദ്യം വേണ്ടത് അവസരമാണ്. 




അടിക്കുറിപ്പ്: LDFൻറെ വാദങ്ങൾ തർക്കമറ്റതാണെങ്കിലും അവ ജനരോഷത്തിന്റെ ഉത്തരങ്ങളാവുന്നില്ല. ജനരോഷത്തിനു ഉത്തരം നൽകാൻ ഒരു തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണമാണ്‌ വേണ്ടത്. കാലത്തിനനുസരിച്ച് നിയമവും മാറട്ടെ! ഭരണത്തിൽ ജനങ്ങളും പങ്കാളികളാവട്ടെ 


വാൽകഷ്ണം:  ഇത് പറയാതെ വയ്യ, നിലനിൽക്കുന്ന LDF പിന്താങ്ങൽ വാദങ്ങളിൽ ഏറ്റവും തരം താണ വാദം 'മൂന്ന് പെണ്ണുങ്ങളുണ്ട് മന്ത്രിസഭയിൽ' എന്ന 'അഭിമാനം' തുളുമ്പുന്ന വാദമാണ്. 15% പോലുമില്ല സ്ത്രീ പ്രാതിനിധ്യം. സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രസക്തി ഇപ്പോഴും സമൂഹം (ഇന്നത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥപ്രകാരം ജയിച്ച പാർട്ടിക്കാർ) മനസിലാക്കുന്നില്ല എന്നതിന്റെ പ്രതിഫലനം മാത്രമാണ് ഈ വാദം കൊണ്ട് നടക്കുന്നവർ. 'പോസിറ്റീവ് ഡിസ്ക്രിമിനേഷൻ' താനേ സംഭവിക്കുന്ന ഒന്നല്ല. അതിനു പ്രത്യേകം ശ്രദ്ധയും, 'പോളിസി'കളും വേണം. പുതിയ വ്യക്തികൾക്ക് അവസരം കൊണ്ടുവരണം എന്നതിന്റെ നൂറിലൊന്ന് പ്രാധാന്യം സ്ത്രീ പ്രാതിനിധ്യത്തിനു കൊടുക്കാൻ പാർട്ടിക്കായില്ല എന്നത് ലിംഗസമത്വബോധത്തിൽ നിന്ന് നാമെത്ര അകലെയാണെന്ന് കാണിക്കുന്നു. ലോകത്തൊരിടത്തും 'തനിയെ' സമത്വം ഉണ്ടായിട്ടില്ല. അത് പരിശീലിച്ചെടുക്കേണ്ട ഒന്നാണ്.

---

വാൽകഷ്ണം:

From a British political satire: https://www.youtube.com/watch?v=QurCB1lCHp0