Tuesday, 25 May 2021

ജനാധിപത്യത്തിന്റെ കാര്യക്ഷമത; ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുൻമന്ത്രി തുടർത്താത്തതിലെ ജനരോഷത്തിന്റെ മൂലകാരണം എന്താണ്? ശൈലജ എന്ന സ്ത്രീയെ അവഗണിച്ചു എന്നതാണോ? ശൈലജ എന്ന ജനകീയനേതാവിനെ അവഗണിച്ചു എന്നതാണോ? ലക്ഷദ്വീപാൽ തള്ളിമാറ്റപ്പെട്ട ഈ പ്രശ്നത്തെ കീറിമുറിച്ച് ഒന്ന് പോസ്റ്റ്മോർട്ടം ചെയ്യാം!

I) മുൻ ആരോഗ്യമന്ത്രി വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.

II) മുൻ ആരോഗ്യമന്ത്രി, അതേ വകുപ്പിൽ തുടരും എന്ന് സമൂഹം ഉറപ്പിച്ചു.

III) ആരോഗ്യവകുപ്പ് മറ്റൊരു വ്യക്തിയ്ക്ക്.

IV) ജനഹിതം നടന്നില്ല. ഇച്ഛാഭംഗം പ്രതിഷേധമായി പുറത്തുവന്നു.

V) പാർട്ടി തങ്ങളുടെ തീരുമാനത്തിൽ നിന്നും മുടിനാരിഴ പോലും നീങ്ങിയില്ല.


ജനം ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്: മുൻ ആരോഗ്യമന്ത്രി അതേ പദവിയിൽ തുടരും. മുൻ ആരോഗ്യമന്ത്രി ഒരു സ്ത്രീയും, ഒരു ജനകീയ നേതാവും, ഒരു കാര്യക്ഷമമായ നേതാവും ആയിരുന്നു.

LDF വാദങ്ങൾ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു. അതിലെ പ്രസക്തമായ ഏതാനും 'ഘടകങ്ങൾ' ഒന്ന് നോക്കാം.

1) ലിംഗ സമത്വവും, സ്ത്രീ പ്രാതിനിധ്യവും.

2) രാഷ്ട്രീയ വിവേചനം. 

3) രാഷ്ട്രീയ പ്രഭുത്വവാഴ്ച.

4) ജനാധിപത്യത്തിന്റെ കാര്യക്ഷമത.

LDFൻറെ ഖണ്ഡിക്കാനാവാത്തതും എന്നാൽ വഴിതെറ്റിക്കുന്നതുമായ വാദങ്ങൾ (തെറ്റായ ന്യായവാദം - logical fallacy), വിഷയത്തിന്റെ ഗൗരവത്തെ പാടെ ദുർബലമാക്കി; ചുരുങ്ങിയത് ജനമധ്യത്തിൽ.

1) വീണ ജോർജിനെ ആരോഗ്യമന്ത്രിയാക്കിക്കൊണ്ട് ഒന്നാമത്തെ വാദത്തിനു തളയിട്ടു; ശൈലജയെപ്പോലെ വീണയും ഒരു 'സ്ത്രീ'യാണ്!

2) ശൈലജ മാത്രമല്ല, മുൻമന്ത്രി മണിയും ഇല്ലല്ലോ മന്ത്രിസഭയിൽ, തോമസ് ഐസക് മത്സരിച്ചതുപോലുമില്ല. ഇവരൊക്കെ ജനകീയരും കാര്യക്ഷമവുമായ നേതാക്കൾ തന്നെയല്ലേ!

വൈദ്യുതവകുപ്പ് മന്ത്രി തുടരണം എന്ന് ജനം ആഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ ഉണ്ടായോ? ശൈലജ 60k ഭൂരിപക്ഷത്തിൽ ജയിച്ചു. തോമസ് ഐസക് എത്ര വോട്ടിനാണ് ജയിച്ചത്? - ഓ! ആൾ മത്സരിച്ചില്ലല്ലോ അല്ലേ! അപ്പൊ, ഐസക് വീണ്ടും ധനമന്ത്രിയാവുമെന്ന് ജനം പ്രതീക്ഷിക്കുകയോ, ആൾക്ക് വോട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല.

3) ഇത് വ്യക്തിഗതമല്ല, പാർട്ടി തീരുമാനമാണ്. എല്ലാവരും പുതിയ മന്ത്രിമാരാണ്; ശൈലജയ്ക്കു മാത്രം പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല. വ്യക്തിയല്ല പോളിസികളിലാണ് കാര്യം. പാർട്ടി പോളിസികൾ നടത്താൻ പ്രത്യേക വ്യക്തിയുണ്ടായെ തീരു എന്നില്ല.

ഉം...അപ്പൊ... പിണറായി??? LDF ആന്തരമായി പറയുന്നത്, അവർക്ക് പിണറായി അല്ലാതെ മുഖ്യമന്ത്രിയാവാൻ യോഗ്യരായ വേറെ ആരുമില്ലെന്നാണോ? അതോ പിണറായിക്ക് ഈ 'പ്രത്യേക പരിഗണന' ആവാമെന്നോ? അടിസ്ഥാനം 'നേതൃത്വപാടവമായിരിക്കണം'. ശൈലജ ആരോഗ്യത്തിൽ തുടരും എന്ന് കരുതിയതുപോലെതന്നെ പിണറായി മുഖ്യമന്ത്രിയായി തുടരും എന്നും ജനം കരുതിയിരുന്നു. എന്തായാലും രണ്ടിലൊരാൾ ഉണ്ടല്ലോ, ആശ്വാസം!


4) ജനാധിപത്യത്തിന്റെ കാര്യക്ഷമത - ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുകളിലെ ഏതൊരു വാദത്തേക്കാളും ജനശബ്ദത്തിന് പ്രാധാന്യം കൊടുക്കാൻ കഴിയുമായിരുന്നത് 'ജനാധിപത്യത്തിന്റെ കാര്യക്ഷമത'യെ ചോദ്യം ചെയ്തിരുന്നുവെങ്കിലാണ്. ഇവിടെ മാത്രമാണ് എന്തെങ്കിലും മാറ്റം നിയമപരമായും, സ്ഥായിയായും വരുത്താൻ കഴിയുമായിരുന്നത്.

ഒരു മന്ത്രിമാരും ഒരക്ഷരം പോലും പറയാതിരുന്ന ഒന്ന്! ആർക്കും ഇതിനെതിരെ ന്യായവാദം ഇറക്കാനാവില്ല. കാരണം, ഇത് തിരഞ്ഞെടുപ്പ് വ്യവസ്ഥയിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്. ആർക്കും പറയാൻ പറ്റുമായിരുന്നില്ല 'തിരഞ്ഞെടുപ്പ് നിയമം ഇത് അനുശാസിക്കുന്നില്ല, അതുകൊണ്ട്, ജനം എന്ത് പറഞ്ഞാലും, പാർട്ടിയ്ക്ക് തങ്ങളുടെ തീരുമാനം നടത്താം' എന്ന്. ഇങ്ങിനെ ഒരു വാദം LDF ഇറക്കിയാൽ, അത് മുതലയുടെ വായിൽ പോയി കിടക്കുന്നതിന് തുല്യമാണ്. ജനത്തിനു തുറന്നു ആഹ്വാനം ചെയ്യാം തിരഞ്ഞെടുപ്പ് നിയമ പരിഷ്കരണത്തിന്! എന്തിനാ അതിനിട വരുത്തുന്നത്, അല്ലേ! രാഷ്ട്രീയത്തിൽ വല്യ പിടിപാടില്ലാത്ത ഈ എഴുത്തുകാരിക്ക് ഇങ്ങിനെ ചിന്തിച്ചു പോവാൻ പറ്റുമെങ്കിൽ, തീർച്ചയായും ഒരു LDF നേതാവിനും ഇത് ചിന്തിക്കാൻ കഴിയുമെന്ന് കരുതുന്നു.

മുൻ-ആരോഗ്യമന്ത്രിയുടെ തുടർഭരണം ജനം ആഗ്രഹിച്ചത് അവർ ഒരു സ്ത്രീയായതുകൊണ്ടല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത് ജനകീയനേതാവ് എന്ന കാരണത്താലല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത്, കേരള ആരോഗ്യ രംഗത്തെ കാര്യക്ഷമമായി കൊണ്ടുപോയ ഒരു നേതാവെന്ന നിലയിലാണ്. തങ്ങളുടെ പ്രതിനിധിയായി, വീണ്ടും 'ആരോഗ്യ മന്ത്രിയാവാൻ' വേണ്ടി മാത്രമാണ് ജനം ശൈലജയെ തിരഞ്ഞെടുത്തത്.

പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും ജനശബ്ദം പിന്തള്ളപ്പെടുകയാണിവിടെ.

മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ജനഹിതത്തിന് പങ്കു വേണം.

പാർട്ടി പോളിസികൾ നടത്താൻ ഒരു പ്രത്യേക വ്യക്തി വേണമെന്നില്ല; മന്ത്രിമാരെ ജനം തിരഞ്ഞെടുക്കട്ടെ, ആ മന്ത്രിമാർ പാർട്ടി പോളിസികൾ നടത്തട്ടെ!

ജനഹിതം വളരെ വളരെ ലളിതമായി ഇങ്ങിനെ പറയാം "ഞങ്ങൾക്കിനിയും വേണം ആ മന്ത്രിയെ". ശൈലജയ്ക്ക് ആരോഗ്യമല്ലാത്ത മറ്റേതു വകുപ്പ് കൊടുത്താലും ഇതുപോലൊരു ജനരോഷം കാണാൻ കഴിയുമായിരുന്നു എന്ന് കരുതാവുന്നതാണ്.

ഇവിടെ നിയമം തന്നെ ജനത്തിന്റെ ശബ്ദത്തിന് തളയിടുകയാണ്.

മറ്റു മൂന്നുവിഷയങ്ങൾക്ക് പ്രസക്തി കുറവാണെന്നോ, അതില്ലെന്നോ അല്ല. ജനരോഷത്തിന്റെ മൂലകാരണത്തിന് ഊന്നൽ കൊടുക്കുകയും, അതിൻറെ പ്രസക്തി ഉയർത്തിക്കാണിക്കുകയും വേണം.

No comments:

Post a Comment