Sunday, 18 July 2021

SSLC സർട്ടിഫിക്കറ്റിലെ ജാതിക്കോളം

ഉന്നത വിജയത്തോടെ പത്താം തരം പരീക്ഷാഫലം വന്നു (2021 ജൂലായ്). ഇത്രയും വിജയവും, 'സാമൂഹിക പുരോഗമനവും' ഒക്കെയുള്ള ഈ 21ആം നൂറ്റാണ്ടിൽ ജാതി സംവരണം എടുത്തു മാറ്റേണ്ട കാലം കഴിഞ്ഞു എന്ന വാദം കേരളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ഉണ്ട്. പുരോഗമവാദികളുടെ ആശയക്കുഴപ്പം ഇങ്ങിനെ പോവുന്നു. 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം? കഴിവുള്ളവർ മുകളിലോട്ട് ഉയരട്ടെ!'

പെട്ടന്ന് സാധ്യമാവുന്ന ഒന്നല്ല മാറ്റം. (ഒരു വർഷത്തിലധികമായി സാമൂഹിക-അകലവും, മാസ്കിന്റെ അനിവാര്യതയും കേൾക്കാൻ തുടങ്ങിയിട്ട്. എത്രമാത്രം അത് സമൂഹത്തിൽ കാണുന്നുണ്ട് എന്ന് നിങ്ങൾക്കു തന്നെ നോക്കാം). ജാതീയത ഇല്ലാഞ്ഞിട്ടല്ല കാണാതെപോവുന്നത്, സമൂഹത്തിൽ അത് അത്രത്തോളം അലിഞ്ഞുച്ചേർന്നതും, സാമാന്യവൽക്കരിക്കപ്പെട്ടതും,  ഇഷ്ടമില്ലാതെ പിന്തുടരുന്ന ഒരു കൂട്ടം ആചാരങ്ങളുടെ ഭാഗവും ആയതുകൊണ്ടാണ്. പിന്നെ 'വിശേഷാവകാശങ്ങ'ൾക്കുള്ള (privilege) പങ്കും.


ഭാഗം 1: വിശേഷാധികാരം (privilege)

2016കളുടെ അവസാനത്തിൽ നോട്ട് നിരോധനം വന്നപ്പോൾ, അത് ലവലേശം ജീവിതത്തിൽ ബാധിക്കാത്ത ഒരുപാട് പേരുണ്ടായിരുന്നു (ഈ ഞാനുൾപ്പെടെ). എന്തിനേറെ, ഒരു അഞ്ഞൂറിന്റെ നോട്ട് 'നാണയ- കറൻസി' ശേഖരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വ്യക്തിഗത ജീവിതത്തിൽ എടുത്തു പറയത്തക്ക പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ, തിരുവനന്തപുരത്തെ തെരുവുകളിലൂടെ നടക്കുമ്പോൾ, വഴിയരികിലിരുന്നു കരയുന്ന വഴിയോരക്കച്ചവടക്കാരെ കണ്ടിട്ടുണ്ട്; പണത്തിന്റെ ചംക്രമണം (currency circulation) കുറഞ്ഞതിനാൽ, ആരും പച്ചക്കറി വാങ്ങുന്നില്ല; കയ്യിലിരുന്ന്പച്ചക്കറികൾ ചീഞ്ഞു നശിച്ചുപോവുകയാണ്. ലാഭമില്ലെങ്കിലും, കച്ചവടത്തിന് വേണ്ടി ചിലവാക്കിയതിലെ കുറച്ചെങ്കിലും പണം കിട്ടിയിരുന്നുവെങ്കിൽ എന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അതേ സമയം ഡെബിറ്റ് കാർഡ് എടുക്കാത്ത കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പറ്റാതെ ഇച്ഛാഭംഗം വന്ന 'സഹ-ജീവികളും' ഉണ്ടായിരുന്നു.

ഒരു സന്ദർഭത്തിൽ മാത്രമാണ് ആ നോട്ട് നിരോധനത്തിന്റെ കയ്പ് അനുഭവിക്കേണ്ടിവന്നത്. റെസിഡൻസ് പെർമിറ്റിനു വേണ്ടി ഡൽഹിയിൽ പോയ സന്ദർഭം; അശ്രദ്ധ കാരണം, കയ്യിലുണ്ടായിരുന്ന ഡ്രാഫ്റ്റ്ൽ ഒരു ഇരുന്നൂറു രൂപയുടെ മാറ്റം. പിന്നെ അതിനു വേണ്ടി നടക്കുകയായിരുന്നു. ഓരോ കോണിലെ ബാങ്കുകളിലും അറ്റം കാണാത്ത ജനനിര. കയറിയ ഓരോ ബാങ്കിലും എന്തെങ്കിലും കാരണത്താൽ ഡ്രാഫ്റ്റ് എടുക്കൽ നടന്നില്ല. തിരക്കും, നടത്തവും, വെയിലുമായി തളർന്നു. മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ പറ്റാത്തതുകൊണ്ട് ഉച്ചഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ മണിക്കൂറുകൾ വെയിലത്ത് നടന്നു. ഒരുപാട് ബുദ്ധിമുട്ടിയതിനൊടുവിൽ കാര്യം നടന്നു. പിന്നെ ശാന്തമായ ഒരു വൈകുന്നേരം!

ഒരു വാചകത്തിൽ സംഗ്രഹിച്ചാൽ, നോട്ടു നിരോധനത്തിന്റെ കയ്പ്പും മാനസിക സംഘർഷവും അന്നനുഭവിച്ചു.

.

.

ഇതേ കഥ വേറൊരു ഭാഷ്യത്തിൽ പറയാം. റെസിഡൻസ് പെർമിറ്റിനു വേണ്ടി ഡൽഹിയിൽ പോയ സന്ദർഭം; അശ്രദ്ധ കാരണം, കയ്യിലുണ്ടായിരുന്ന ഡ്രാഫ്റ്റ്ൽ ഒരു ഇരുന്നൂറു രൂപയുടെ മാറ്റം. പിന്നെ അതിനു വേണ്ടി നടക്കുകയായിരുന്നു. ഓരോ കോണിലെ ബാങ്കുകളിലും അറ്റം കാണാത്ത ജനനിര. എന്നാൽ, ആ നിരകളിൽ ഒരുപാട് നേരം കാത്തുനിൽക്കേണ്ടി വന്നില്ല. അവിടെയുള്ള ബാങ്ക് ജീവനക്കാർ മാത്രമല്ല, വരികളിൽ നിൽക്കുന്ന ജനവും എന്റെ 'തിരക്കുള്ള' ആവശ്യം പരിഗണിച്ച് ഇളവ് തന്നു. ആ നിരയിൽ ആശുപത്രിയിൽ പണമടയ്ക്കാൻ തിരക്കുള്ള ആരെങ്കിലും ഉണ്ടായിരുന്നുവോ എന്നറിയില്ല. രണ്ടിലധികം ബാങ്കുകളിൽ കയറിയിറങ്ങിയപ്പോഴും, ഈ ബാങ്കുജീവനക്കാരുടെ സഹായം കാരണം താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ബാങ്കിലെത്താനായി. അവിടെ കുറേക്കൂടെ നല്ല വസ്ത്രങ്ങൾ ധരിച്ച, പോളിഷ് ചെയ്ത ഷൂസുമിട്ട ആളുകളുടെ വരിയായിരുന്നു ഉണ്ടായിരുന്നത്. ബാങ്ക് അധികൃതരുടെ സഹായത്താൽ, കൗണ്ടറിൽ നിന്നും അധികം അകലെയല്ലാതെ വരിയിൽ നിന്നിരുന്ന, പെൻഗ്വിൻ ബുക്സിലെ എഡിറ്റർ ആയിരുന്ന ഒരു വ്യക്തി, എനിക്ക് വേണ്ടി ഡ്രാഫ്റ്റ് എടുത്തു തന്നു; എന്റെ ആവശ്യത്തിലെ ആത്മാർത്ഥത(genuinity) തെളിയിക്കാൻ ഏതാനും മിനിറ്റുകളേ എടുത്തുള്ളൂ.

ഒരു വാചകത്തിൽ സംഗ്രഹിച്ചാൽ, 'പ്രിവിലേജ്' നോട്ട് നിരോധനത്താലുള്ള ബുദ്ധിമുട്ട്  നിന്നും എന്നെ രക്ഷിച്ചു. (ആദ്യം പറഞ്ഞ വേർഷനിൽ ഈ പ്രിവില്ലേജ്  മറഞ്ഞുകിടക്കുന്ന ഒന്നാണ്. മനഃപൂർവം മറച്ചുവയ്ക്കുന്നതല്ല, ഇത്തരം അവസരങ്ങളിൽ നാം ആദ്യം ചിന്തിച്ചുപോവാറുള്ളത് നമ്മുടെ 'ഉത്കണ്ഠക'ളാണ്)


ഭാഗം 2: ജാതീയത; വിശേഷാധികാരത്തിന്റെ കണ്ണുകളിലൂടെ

തന്റെ 'ബ്രാഹ്മണ' പാരമ്പര്യത്തിന്റെ കഥ പറഞ്ഞും 'പട്ടരിൽ പൊട്ടനില്ല' എന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ചും തന്റെ 'ഔന്നത്യം' പറഞ്ഞിരുന്ന ഒരു സുഹൃത്തിനെ ഓർത്തുപോവുന്നു (പണ്ടൊന്നുമല്ല, ഈ 2017-2018കളിൽ). ജാതീയത മാറിയിരുന്നുവെങ്കിൽ, ഇത്തരമൊരു പ്രസ്താവന ചരിത്ര പുസ്തകങ്ങളിൽ മാത്രമാവും കാണുക. കേരളത്തിലെ രാജവംശ-പാരമ്പര്യമുള്ളവരുടെ വീട്ടിൽ സ്വകാര്യ കച്ചേരികൾ നടത്താൻ 'പ്രശസ്ത' ഗായകർ ഇന്നും പോവുന്നുണ്ട്; പ്രത്യേകത 'രാജ-രക്ത'ത്തിന്റെ ഔന്നത്യം. ഉത്തരേന്ത്യൻ ബ്രാഹ്മണനായ ഒരു സുഹൃത്ത്, തന്റെ ഇസ്‌ലാമികനായ സുഹൃത്തിനെ കുറിച്ച് വീട്ടിൽ സംസാരിക്കാറില്ല; കാരണം, അത് അയാളുടെ വീട്ടിൽ വിലക്കപ്പെട്ട ഒന്നാണ്. പൂണൂലിടൽ ചടങ്ങിനെ തുടർന്ന് തന്റെ കാൽ തൊട്ടു തൊഴാൻ വീടിനു പുറത്ത് കാത്തുനിന്ന 'താഴ്ന്ന ജാതി'ക്കാർക്കു മുന്നിൽ വീട്ടുകാരുടെ ഭീഷണിയും ധാർമിക രോഷവും വിങ്ങുന്ന ഹൃദയവുമായി നിന്ന സുഹൃത്തിനെയും ഓർക്കുന്നു. (തിരുവനന്തപുരം) ഐസറിലെ ഹൈന്ദവ പൂജകൾ കാര്യമായി ശ്രദ്ധിച്ചിട്ടില്ലെങ്കിലും, വിദ്യാർത്ഥികളുടെ ഇടയിൽ പൂണൂലുകളുടെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇവരെല്ലാം പുരോഗമ ആശയങ്ങളുള്ള, ജാതീയതയെ എതിർക്കുന്ന, ഒരു കൂട്ടം മനുഷ്യരാണ്. കുടുംബത്തിന്റെ ഭീഷണിയും, സമൂഹത്തിന്റെ സമ്മർദ്ദത്താലും,ആചാരമനുഷ്ടിക്കുന്നു എന്ന് മാത്രം! പിന്നെ തൻ്റെ ജാതിപ്പേരിൽ അഭിമാനം കൊള്ളുന്നവരും.

ഉന്നതകുലന് മാത്രം 'ഗ്ലാസ് കോപ്പ'യിൽ ചായ കൊടുക്കുകയും, അധമന് 'സ്റ്റീൽ കോപ്പ'യിൽ ചായ കൊടുക്കുകയും ചെയ്യുന്ന, തമിഴ്‌നാട്ടിലെ  ദിവസവേതക്കാരുടെ അനുഭവ കഥകൾ കേട്ടത് 2015കളിലാണ്. 'അധമന്റെ' മുടി വെട്ടാത്ത ഇടുക്കിയിലെ ഒരു ബാർബറിന്റെ കഥ പുറത്തു വന്നത് 2020 സെപ്റ്റംബറിലാണ്. 

. 

ഒന്നോ രണ്ടോ വ്യക്തികളല്ല; ജീവിതരീതികളും,  ആചാരങ്ങളും, വിശ്വാസങ്ങളും, സാമ്പത്തിക സ്ഥിതിയും അങ്ങിനെ ഒരുപാട് ഘടകങ്ങൾ ചേർന്ന് സമൂഹമാണ് ജാതീയത മുന്നോട്ടു കൊണ്ടുപോവുന്നത്. മുകളിലെ ഉദാഹരണങ്ങളിൽ നിന്നും മനസിലാക്കാം, വ്യക്തിഗതമായി നിങ്ങൾ ജാതീയതയ്‌ക്കെതിരെ ആണെങ്കിലും, നിങ്ങൾക്കുമുണ്ടാവാം അതിലൊരു പങ്ക് എന്ന്.


ഭാഗം 3: ജാതീയത; 'താഴ്ന്ന'വൻ്റെ കണ്ണുകളിലൂടെ

സാമ്പത്തികവും ജാതീയവുമായി സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരാൾക്കും ആരും പറഞ്ഞുകൊടുക്കേണ്ട അവർ 'താഴന്ന'വരാണെന്ന്; അത് വ്യക്തമായി അവർക്കറിയാം.

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് (2007-2009കൾ), ജാതീയതയുടെ ഭാഗം പഠിപ്പിക്കവേ, സാമൂഹ്യശാസ്ത്ര അദ്ധ്യാപിക പറഞ്ഞ ഒരു കഥ ഓർക്കുന്നു. ശാന്ത സുന്ദരമായ, പച്ചപ്പാടങ്ങളും മലനിരകളുമുള്ള ആ അധ്യാപികയുടെ ഗ്രാമം. വീട്ടിൽ 'പാട്ട പെറുക്കാൻ' വന്ന വ്യക്തികളുടെ ഒരു കഥ. 'പടിക്കകത്തേക്ക് വന്നോളു എന്ന് പറഞ്ഞാലും അവർ വരില്ല, പിന്നെ പിടിച്ചു വലിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലൊ '.

എന്റെ കുട്ടികാലത്ത്, 'പാട്ട പെറുക്കാൻ' വീട്ടിൽ വന്നിട്ടുള്ള മറ്റൊരു 'പുലയ സ്ത്രീ'യെയും ഇവിടെ ഓർക്കുന്നു. വീടിന്റെ പുറകെ വച്ചിരുന്ന ചില സാധനങ്ങളെടുക്കാൻ വിളിച്ചപ്പോൾ, അവർ പറഞ്ഞു, 'ഞാൻ പുലയ സ്ത്രീയാണ്, ഞാൻ പുറത്തു നിന്നോളാം' എന്ന്.

ലോവർ പ്രൈമറിയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, മഴ തുടങ്ങും മുൻപ്, മണ്ണ് കിളച്ചു മറിച്ചിടാൻ വന്ന മറ്റൊരു വ്യക്തിയുടെ കഥ. പണിയ്ക്കിടെ ഉച്ചയ്ക്ക്, വീട്ടിൽ നിന്നും ആഹാരം  കഴിക്കാം എന്ന് അമ്മൂമ്മ പറഞ്ഞിരുന്നു. ആഹാരം കൊടുത്തപാടെ, അതുമെടുത്ത് ഗേറ്റിനു പുറത്തു പോയിരുന്നാണ് അയാൾ ഉച്ചഭക്ഷണം കഴിച്ചത്. ധാർമിക രോഷത്താൽ, അമ്മയെയും അമ്മൂമ്മയേയും വലിച്ചുകൊണ്ടുപോയി അയാളെ അകത്തേക്ക് വിളിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ ഗേറ്റ് കടന്ന് അകത്തേക്ക് വന്നില്ല.


പുഞ്ച പാടത്തെ പൂങ്കുയിലേ
പുന്നാര പാട്ടൊന്നു പാടാമോ 
അക്കണ്ടം നട്ടു ഞാന്‍ 
ഇക്കണ്ടം നട്ടു ഞാന്‍ 
മേലേകണ്ടത്തില്‍ ഞാറു നട്ടു 
ഞാറുകുത്തീ കേറിവരുമ്പോ
എന്നാലും തംബ്രാനു തീണ്ടാലാണേ


നെല്ലായ നെല്ലെല്ലാം കൊയ്തുമെതിച്ചു 
അറയിലിടുമ്പോ തീണ്ടലില്ല 
അറകള്‍ നിറച്ചുപത്തായം നിറച്ചു 
എറങ്ങി വരുമ്പോഴും തീണ്ടലാണേ

ആരും നിർബന്ധിക്കേണ്ടതില്ല, അവർക്കറിയാം അവർ 'താഴ്ന്നവരാണെന്ന്'. അവർക്കറിയാം എപ്പോഴാണ് 'തീണ്ടൽ' സാധുവാകുന്നതെന്നും(valid). മറ്റെല്ലാവരെയും പോലെ, ജീവിതരീതികളും, ആചാരങ്ങളും അവരും പിന്തുടരുന്നു. 'അയിത്തം' അതിൽ ഇഴുകിച്ചേർന്ന ഒന്നും...

ജാതിയോ മതമോ ചോദിച്ചിട്ടല്ല ഞാനോ എന്റെ വീട്ടുകാരോ 'ഉന്നതകുലരായിരിക്കണം' എന്ന അനുമാനത്തിലേക്കെത്തിയത്. ശീലിച്ചതേ പാലിക്കു - അത്രമാത്രം!

(എത്ര പ്രോട്ടീൻ ഉണ്ടെന്നു പറഞ്ഞാലും, എണ്ണയിൽ വറുത്തെടുത്ത പുൽച്ചാടിയെ തിന്നാൻ കേരളീയർക്ക് കുറച്ചു വിമ്മിഷ്ടം ഉണ്ടാവില്ലേ, അതുപോലെ ഒരു ചെറിയ വിമ്മിഷ്ടം! പക്ഷെ അവരുടെ ജീവിതത്തിൽ അത് 'അവകാശങ്ങളുള്ള ഒരു മനുഷ്യനാണ് താൻ' എന്ന തിരിച്ചറിവില്ലായ്മയാണ്.)


ഭാഗം 4: 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം?'

ഇതൊരു ചോദ്യമാണെങ്കിലും, അതവതരിപ്പിക്കപ്പെടുന്നത് ഇങ്ങിനെയാണ്‌; 'എന്തിനാണ് ഇന്നത്തെ കാലത്ത് സംവരണം!!!'


1. ഗ്രൂപ്പ് എ ജോലികൾ: 

2012ലെ കണക്കുകൾ. 'ഗ്രൂപ്പ് എ' ജോലിയെന്നാൽ, ഈ സിവിൽ സർവിസും, ഗസറ്റഡ് ഓഫീസർമാരുമുള്ള മുകളിലെ ലെയർ ജോലികൾ. സമൂഹത്തിൽ 30% മാത്രം വരുന്ന 'ഉയർന്ന' ജാതിക്കാരാണ് 75% ഗ്രൂപ്പ് A ജോലികളിലുമുള്ളത്.



2. സാമ്പത്തികം

ഗ്രാമീണ മേഖലയാവട്ടെ, നഗരങ്ങളാവട്ടെ, ദാരിദ്ര്യം ഏറ്റവും കൂടുതൽ കാണുന്നത് ഹിന്ദു 'താഴ്ന്ന' ജാതികളിലും, മുസ്ലീമുകളിലുമാണ്. ഹിന്ദു 'ഉന്നത'ജാതിക്കാരിലും, ക്രിസ്ത്യാനികളിലും ഉള്ള ദാരിദ്ര്യം എടുത്തുപറയത്തക്ക വിധം കുറവാണ്.


source

ഈ എൻട്രൻസ് കോച്ചിങ്, ഐഎസ് കോച്ചിങ് പോലുള്ളവയ്ക്കൊക്കെ പോവാൻ പണം വേണം. കാശുള്ളവരിൽ കൂടുതലും ഈ 'ഉയർന്ന' ജാതിക്കാരാണ്. അപ്പോൾ, നല്ല സ്ഥാപനങ്ങളിൽ നിന്നും കോച്ചിങ് കിട്ടിയ ഈ പണമുള്ള ഉയർന്ന ജാതിക്കാരും, ഇങ്ങിനെ വല്യ കോച്ചിങിനൊന്നും പോവാൻ പറ്റാത്ത ഒരു ദരിദ്രനും ഒരേ പരീക്ഷ എഴുതുന്നത് അനീതിയല്ലേ?

ഇതിവിടെ കഴിയുന്നില്ല. +2 കഴിഞ്ഞു കേരളത്തിലെ എഞ്ചിനീയറിംഗ് മെഡിസിൻ പഠനത്തിന് സീറ്റ് കിട്ടാത്ത പണക്കാർ എന്ത് ചെയ്യും? കുറെ കാശ് വാരിയെറിഞ്ഞു തമിഴ്‌നാട്ടിലും വേറെ സംസ്ഥാനങ്ങളിലുമുള്ള സ്വകാര്യ കോളേജുകളിൽ ചേരും. പാവങ്ങളോ? ഇതും അനീതിയല്ലേ?

അകത്ത് വരൂ എന്ന് പറഞ്ഞാലും 'പടിക്കു പുറത്ത്' നിൽക്കുന്നവരെ എങ്ങിനെയാണ് അകത്തേക്ക് കൊണ്ടുവരിക? വിശന്ന വയറുമായി ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയും, വയറു നിറഞ്ഞു ക്ലാസ്സിരിക്കുന്ന ഒരു കുട്ടിയും പഠിക്കുന്ന തോത് തന്നെ വ്യത്യസ്തമാണ്. എന്തിനേറെ, IQ വരെ മാറും**. ഈ സാമ്പത്തിക സാമൂഹിക കയറുകൾ മുറുകുന്നതുകൊണ്ടാണ് 'സംവരണം' എന്ന ഈ പ്രത്യേക പരിഗണന അനിവാര്യമാവുന്നത്. 


** ഡച്ച് ചരിത്രകാരൻ ആർ സി ബ്രെഗ്മാൻ ഒരു TED-talk പറഞ്ഞത്: "The researchers asked them (the farmers) to do an IQ test before and after the harvest. What they subsequently discovered completely blew my mind. The farmers scored much worse on the tests before the harvest. The effects of living in poverty, it turns out, correspond to losing 14 points of IQ. It turns out that people behave differently when they perceive a thing to be scarce. And what that thing is it doesn't much matter - whether it's not enough time, money or food."


ഭാഗം 5: സംവരണത്തിലെ യാഥാർഥ്യം.

ഇന്ത്യയിലെ ജോലിക്കണക്ക് നോക്കുമ്പോൾ, ആകെ 400 ജോലികളിൽ 12 എണ്ണം മാത്രമാണ് സർക്കാർജോലികൾ. അതിലെ എൻട്രി ലെവൽ ജോലികൾ ഒരാൾ മാത്രമാണ് 'സംവരണ കാറ്റഗറി' വഴി ജോലിൽ പ്രവേശിക്കുന്നത്. (അതായത് ആകെ ജോലികളിൽ, 3% മാത്രം വരുന്ന സർക്കാർ ജോലികളിലെ 0.25% മാത്രമാണ് ഈ സംവരണക്കാർ 'തട്ടിപ്പറിക്കുന്നത്'). ചുരുക്കിപ്പറഞ്ഞാൽ തൊഴിലില്ലായ്മയ്ക്കും, സർക്കാർ ജോലികളുടെ ലഭ്യതക്കുറവിനും ബലിയാടാവുന്നത് ഈ 0.25% വരുന്ന സംവരണം അർഹിക്കുന്നവർ!



ഭാഗം 6: തൊഴിലില്ലായ്മ

പഠിച്ചിറങ്ങുന്ന/ പഠനം ഇടയ്ക്കു വച്ച് നിർത്തുന്ന 'എല്ലാവർക്കും' തൊഴിൽ കിട്ടിയിരുന്നെങ്കിൽ സംവരണം ഒരു 'അനീതി'യായി കാണപ്പെടുമായിരുന്നോ? സംവരണത്തിലെ അനീതിയെ കുറിച്ച് സംസാരിക്കുന്ന ഓരോ മനുഷ്യന്റെയും ഉത്കണ്ഠ, 'മാർക്ക് കൂടിയ കുട്ടിയ്ക്ക് സീറ്റില്ല'/ 'മാർക്ക് കൂടിയ വ്യക്തിയ്ക്ക് ജോലിയില്ല' എന്നതാണ്.

ഇവിടെ മുഖ്യ വിഷയം 'സീറ്റില്ലായ്മയും' 'ജോലിയില്ലായ്മയു'മാണ്, അല്ലാതെ സംവരണമല്ല! 

2020, ജനുവരി-മാർച്ചിലെ കണക്കുകൾ പ്രകാരം, 15-29 പ്രായത്തിനിടയിലുള്ള കേരളത്തിലെ യുവജനതയുടെ തൊഴിലില്ലായ്മ നിരക്ക് 40.5% ആണ്. നൂറിൽ 41 പേർ തൊഴിൽ രഹിതർ എന്നർത്ഥം. അവിടുന്നിങ്ങോട്ട് തൊഴിലില്ലായ്മ കൂടുക മാത്രമേ ഉണ്ടായിട്ടുള്ളു! മുകളിൽ കണ്ടതുപോലെ, 12 സർക്കാർ പൊസിഷനുകളിലെ, സംവരണത്താൽ ജോലി കിട്ടിയ ഒരാളെ മാറ്റി നിർത്തി 'മെറിറ്റ്' നോക്കി ഒരാളെ എടുത്താൽ തീരില്ല തൊഴിലില്ലായ്മ എന്ന ദുരന്തം.


എല്ലാ കാലത്തും സംവരണം വേണമെന്നല്ല, പക്ഷെ, അസമത്വത്തിനെതിരെ ഇന്നത്തെ വ്യവസ്ഥിതിയെക്കാൾ കാര്യക്ഷമമായ ഒരു വ്യവസ്ഥിതി വരുന്നതുവരെ ഈ ലൈഫ് ജാക്കറ്റിൽ തൂങ്ങിപ്പിടിച്ചേ മതിയാവുകയുള്ളു.


Tuesday, 25 May 2021

ജനാധിപത്യത്തിന്റെ കാര്യക്ഷമത; ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുൻമന്ത്രി തുടർത്താത്തതിലെ ജനരോഷത്തിന്റെ മൂലകാരണം എന്താണ്? ശൈലജ എന്ന സ്ത്രീയെ അവഗണിച്ചു എന്നതാണോ? ശൈലജ എന്ന ജനകീയനേതാവിനെ അവഗണിച്ചു എന്നതാണോ? ലക്ഷദ്വീപാൽ തള്ളിമാറ്റപ്പെട്ട ഈ പ്രശ്നത്തെ കീറിമുറിച്ച് ഒന്ന് പോസ്റ്റ്മോർട്ടം ചെയ്യാം!

I) മുൻ ആരോഗ്യമന്ത്രി വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.

II) മുൻ ആരോഗ്യമന്ത്രി, അതേ വകുപ്പിൽ തുടരും എന്ന് സമൂഹം ഉറപ്പിച്ചു.

III) ആരോഗ്യവകുപ്പ് മറ്റൊരു വ്യക്തിയ്ക്ക്.

IV) ജനഹിതം നടന്നില്ല. ഇച്ഛാഭംഗം പ്രതിഷേധമായി പുറത്തുവന്നു.

V) പാർട്ടി തങ്ങളുടെ തീരുമാനത്തിൽ നിന്നും മുടിനാരിഴ പോലും നീങ്ങിയില്ല.


ജനം ആഗ്രഹിച്ചത്, പ്രതീക്ഷിച്ചത്: മുൻ ആരോഗ്യമന്ത്രി അതേ പദവിയിൽ തുടരും. മുൻ ആരോഗ്യമന്ത്രി ഒരു സ്ത്രീയും, ഒരു ജനകീയ നേതാവും, ഒരു കാര്യക്ഷമമായ നേതാവും ആയിരുന്നു.

LDF വാദങ്ങൾ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു. അതിലെ പ്രസക്തമായ ഏതാനും 'ഘടകങ്ങൾ' ഒന്ന് നോക്കാം.

1) ലിംഗ സമത്വവും, സ്ത്രീ പ്രാതിനിധ്യവും.

2) രാഷ്ട്രീയ വിവേചനം. 

3) രാഷ്ട്രീയ പ്രഭുത്വവാഴ്ച.

4) ജനാധിപത്യത്തിന്റെ കാര്യക്ഷമത.

LDFൻറെ ഖണ്ഡിക്കാനാവാത്തതും എന്നാൽ വഴിതെറ്റിക്കുന്നതുമായ വാദങ്ങൾ (തെറ്റായ ന്യായവാദം - logical fallacy), വിഷയത്തിന്റെ ഗൗരവത്തെ പാടെ ദുർബലമാക്കി; ചുരുങ്ങിയത് ജനമധ്യത്തിൽ.

1) വീണ ജോർജിനെ ആരോഗ്യമന്ത്രിയാക്കിക്കൊണ്ട് ഒന്നാമത്തെ വാദത്തിനു തളയിട്ടു; ശൈലജയെപ്പോലെ വീണയും ഒരു 'സ്ത്രീ'യാണ്!

2) ശൈലജ മാത്രമല്ല, മുൻമന്ത്രി മണിയും ഇല്ലല്ലോ മന്ത്രിസഭയിൽ, തോമസ് ഐസക് മത്സരിച്ചതുപോലുമില്ല. ഇവരൊക്കെ ജനകീയരും കാര്യക്ഷമവുമായ നേതാക്കൾ തന്നെയല്ലേ!

വൈദ്യുതവകുപ്പ് മന്ത്രി തുടരണം എന്ന് ജനം ആഗ്രഹിക്കുകയോ, പ്രതീക്ഷിക്കുകയോ ഉണ്ടായോ? ശൈലജ 60k ഭൂരിപക്ഷത്തിൽ ജയിച്ചു. തോമസ് ഐസക് എത്ര വോട്ടിനാണ് ജയിച്ചത്? - ഓ! ആൾ മത്സരിച്ചില്ലല്ലോ അല്ലേ! അപ്പൊ, ഐസക് വീണ്ടും ധനമന്ത്രിയാവുമെന്ന് ജനം പ്രതീക്ഷിക്കുകയോ, ആൾക്ക് വോട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല.

3) ഇത് വ്യക്തിഗതമല്ല, പാർട്ടി തീരുമാനമാണ്. എല്ലാവരും പുതിയ മന്ത്രിമാരാണ്; ശൈലജയ്ക്കു മാത്രം പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ല. വ്യക്തിയല്ല പോളിസികളിലാണ് കാര്യം. പാർട്ടി പോളിസികൾ നടത്താൻ പ്രത്യേക വ്യക്തിയുണ്ടായെ തീരു എന്നില്ല.

ഉം...അപ്പൊ... പിണറായി??? LDF ആന്തരമായി പറയുന്നത്, അവർക്ക് പിണറായി അല്ലാതെ മുഖ്യമന്ത്രിയാവാൻ യോഗ്യരായ വേറെ ആരുമില്ലെന്നാണോ? അതോ പിണറായിക്ക് ഈ 'പ്രത്യേക പരിഗണന' ആവാമെന്നോ? അടിസ്ഥാനം 'നേതൃത്വപാടവമായിരിക്കണം'. ശൈലജ ആരോഗ്യത്തിൽ തുടരും എന്ന് കരുതിയതുപോലെതന്നെ പിണറായി മുഖ്യമന്ത്രിയായി തുടരും എന്നും ജനം കരുതിയിരുന്നു. എന്തായാലും രണ്ടിലൊരാൾ ഉണ്ടല്ലോ, ആശ്വാസം!


4) ജനാധിപത്യത്തിന്റെ കാര്യക്ഷമത - ഒരു വാദങ്ങളുമുയർന്നില്ല. സമൂഹം തിരിച്ചറിഞ്ഞതുമില്ല.

മുകളിലെ ഏതൊരു വാദത്തേക്കാളും ജനശബ്ദത്തിന് പ്രാധാന്യം കൊടുക്കാൻ കഴിയുമായിരുന്നത് 'ജനാധിപത്യത്തിന്റെ കാര്യക്ഷമത'യെ ചോദ്യം ചെയ്തിരുന്നുവെങ്കിലാണ്. ഇവിടെ മാത്രമാണ് എന്തെങ്കിലും മാറ്റം നിയമപരമായും, സ്ഥായിയായും വരുത്താൻ കഴിയുമായിരുന്നത്.

ഒരു മന്ത്രിമാരും ഒരക്ഷരം പോലും പറയാതിരുന്ന ഒന്ന്! ആർക്കും ഇതിനെതിരെ ന്യായവാദം ഇറക്കാനാവില്ല. കാരണം, ഇത് തിരഞ്ഞെടുപ്പ് വ്യവസ്ഥയിലെ ജനാധിപത്യ വിരുദ്ധത തുറന്നു കാണിക്കുന്നതാണ്. ആർക്കും പറയാൻ പറ്റുമായിരുന്നില്ല 'തിരഞ്ഞെടുപ്പ് നിയമം ഇത് അനുശാസിക്കുന്നില്ല, അതുകൊണ്ട്, ജനം എന്ത് പറഞ്ഞാലും, പാർട്ടിയ്ക്ക് തങ്ങളുടെ തീരുമാനം നടത്താം' എന്ന്. ഇങ്ങിനെ ഒരു വാദം LDF ഇറക്കിയാൽ, അത് മുതലയുടെ വായിൽ പോയി കിടക്കുന്നതിന് തുല്യമാണ്. ജനത്തിനു തുറന്നു ആഹ്വാനം ചെയ്യാം തിരഞ്ഞെടുപ്പ് നിയമ പരിഷ്കരണത്തിന്! എന്തിനാ അതിനിട വരുത്തുന്നത്, അല്ലേ! രാഷ്ട്രീയത്തിൽ വല്യ പിടിപാടില്ലാത്ത ഈ എഴുത്തുകാരിക്ക് ഇങ്ങിനെ ചിന്തിച്ചു പോവാൻ പറ്റുമെങ്കിൽ, തീർച്ചയായും ഒരു LDF നേതാവിനും ഇത് ചിന്തിക്കാൻ കഴിയുമെന്ന് കരുതുന്നു.

മുൻ-ആരോഗ്യമന്ത്രിയുടെ തുടർഭരണം ജനം ആഗ്രഹിച്ചത് അവർ ഒരു സ്ത്രീയായതുകൊണ്ടല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത് ജനകീയനേതാവ് എന്ന കാരണത്താലല്ല. അവരുടെ തുടർച്ച ജനം ആഗ്രഹിച്ചത്, കേരള ആരോഗ്യ രംഗത്തെ കാര്യക്ഷമമായി കൊണ്ടുപോയ ഒരു നേതാവെന്ന നിലയിലാണ്. തങ്ങളുടെ പ്രതിനിധിയായി, വീണ്ടും 'ആരോഗ്യ മന്ത്രിയാവാൻ' വേണ്ടി മാത്രമാണ് ജനം ശൈലജയെ തിരഞ്ഞെടുത്തത്.

പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നും ജനശബ്ദം പിന്തള്ളപ്പെടുകയാണിവിടെ.

മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിൽ ജനഹിതത്തിന് പങ്കു വേണം.

പാർട്ടി പോളിസികൾ നടത്താൻ ഒരു പ്രത്യേക വ്യക്തി വേണമെന്നില്ല; മന്ത്രിമാരെ ജനം തിരഞ്ഞെടുക്കട്ടെ, ആ മന്ത്രിമാർ പാർട്ടി പോളിസികൾ നടത്തട്ടെ!

ജനഹിതം വളരെ വളരെ ലളിതമായി ഇങ്ങിനെ പറയാം "ഞങ്ങൾക്കിനിയും വേണം ആ മന്ത്രിയെ". ശൈലജയ്ക്ക് ആരോഗ്യമല്ലാത്ത മറ്റേതു വകുപ്പ് കൊടുത്താലും ഇതുപോലൊരു ജനരോഷം കാണാൻ കഴിയുമായിരുന്നു എന്ന് കരുതാവുന്നതാണ്.

ഇവിടെ നിയമം തന്നെ ജനത്തിന്റെ ശബ്ദത്തിന് തളയിടുകയാണ്.

മറ്റു മൂന്നുവിഷയങ്ങൾക്ക് പ്രസക്തി കുറവാണെന്നോ, അതില്ലെന്നോ അല്ല. ജനരോഷത്തിന്റെ മൂലകാരണത്തിന് ഊന്നൽ കൊടുക്കുകയും, അതിൻറെ പ്രസക്തി ഉയർത്തിക്കാണിക്കുകയും വേണം.

Saturday, 22 May 2021

പുതിയ കീഴ്വഴക്കങ്ങളിൽ നിന്നും നിയമ ഭേദഗതിയിലേക്ക്

മുൻ ആരോഗ്യമന്ത്രിയെ മന്ത്രിസഭയിൽ കാണാത്തതിലുള്ള ജനരോഷം ഇത്ര പെട്ടന്ന് കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. രാഷ്ട്രീയ പാർട്ടികളെയോ, വ്യക്തികളെയോ, ആശയങ്ങളെയോ വിമർശിക്കലല്ല ഉദ്ദേശം. മറിച്ച്, കെട്ടടങ്ങിയ ജനരോഷത്തെയും, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നൈതികതയെയും മാറിനിന്ന് നോക്കിക്കാണലാണ്‌ ഉദ്ദേശം.


"കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയര്‍ന്നപ്പോള്‍, അത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്" - മാതൃഭൂമി

കോടിയേരി പരാമർശിച്ച 'പുതിയ കീഴ്വഴക്ക'മാണ് വിഷയം. അതിന്റെ നിയമപരത, അതിലെ നീതി-ന്യായങ്ങൾ, അതിന്റെ കാലപ്പഴക്കം തുടങ്ങിയവയെ ഒന്നവലോകനം ചെയ്യാം!


ഭാഗം 1: സമൂഹത്തിന്റെ ഇച്ഛാഭംഗം

1) മുൻ ആരോഗ്യമന്ത്രി വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി.

2) മുൻ ആരോഗ്യമന്ത്രി, അതേ വകുപ്പിൽ തുടരും എന്ന് സമൂഹം ഉറപ്പിച്ചു.

3) ആരോഗ്യവകുപ്പ് മറ്റൊരു വ്യക്തിയ്ക്ക്.

പ്രതീക്ഷ നടക്കാത്തത്തിലുള്ള സമൂഹത്തിന്റെ 'ഇച്ഛാഭംഗം' പല രൂപങ്ങളിലും വാദങ്ങളിലുമായി പുറത്തു വന്നു. പാർട്ടി തങ്ങളുടെ തീരുമാനത്തിൽ നിന്നും മുടിനാരിഴ പോലും നീങ്ങിയില്ല.


ഭാഗം 2: 'വ്യക്തിയല്ല, നയങ്ങളാണ് പ്രസക്തം'

ഒരു പാർട്ടിയുടെ വിജയം, അത് വ്യക്തികൾക്കതീതമാവുമ്പോഴാണ്.

അധികാരക്കസേരയിലാരിരുന്നാലും പാർട്ടിനയങ്ങൾ നടപ്പിലാക്കാനാവും എന്നത്, പാർട്ടിയുടെ ശക്തമായ ഇച്ഛാബോധത്തെയും, പ്രതിബദ്ധതയെയും, സഹകരണത്തെയും കാണിക്കുന്നു.

യാഥാർഥ്യത്തോടടുത്തുനിന്ന് നോക്കിയാൽ കാണാം; ഒരു പാർട്ടി ഒറ്റയ്ക്കല്ല, പാർലിമെന്റിലെ ഭരണപക്ഷവും, പ്രതിപക്ഷവും, പല വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, വിദഗ്ദർ, പത്രപ്രവർത്തകർ തുടങ്ങിയ ഘടകങ്ങൾ ചേർന്ന ഒരു സങ്കീർണമായ യന്ത്രമാണ് നയങ്ങൾ നടപ്പിലാക്കുന്നത്. ഈ സങ്കീർണമായ യന്ത്രത്തിന്റെ സഹകരണ സ്വഭാവം, ധാർമികത, പരസ്പര വിശ്വാസം, ആത്മാർത്ഥത, കാര്യക്ഷമത തുടങ്ങിയവയ്ക്കനുസരിച്ചിരിക്കും നയങ്ങളുടെ നിലവാരവും ജനസമ്മിതിയും. 'സർക്കാർ വ്യവസ്ഥിതി' എന്ന് വിളിക്കാം ഈ യന്ത്രത്തെ. ഒരാഴ്ച ഒരു വകുപ്പ് മന്ത്രി മാറി എന്ന് കരുതി ഇടിഞ്ഞു വീഴുന്ന ഒരു വ്യവസ്ഥയല്ല ഇവിടെ നിലനിൽക്കുന്നത്. മന്ത്രി ഒരു ജനപ്രതിനിധി മാത്രമാണ്, അവിടെ വിവരശേഖരണം മുതൽ നിഗമനവും തീരുമാനങ്ങളും വരെ മന്ത്രിയ്ക്കു നിർദ്ദേശിക്കുന്നത് സർക്കാർ വ്യവസ്ഥിയിലെ വിദഗ്ധരാണ്.

ഒരുവിധം നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വ്യവസ്ഥിതിയിൽ, സാമൂഹികമായി വലിയ തിരക്കുകളും അത്യാവശ്യങ്ങളും ഒന്നുമില്ലാത്ത ഒരാഴ്ചയിൽ മന്ത്രിമാരെ മാറ്റി HSS വിദ്യാർത്ഥികളെ നിർത്തിയാലും ഈ യന്ത്രം ഒരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോവും.

പറഞ്ഞുവരുന്നത്, ഒരുവിധം നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വ്യവസ്ഥിതിയിൽ, നയങ്ങൾ നടപ്പിലാക്കാൻ ഒരു പ്രത്യേക മന്ത്രിയേതീരൂ എന്ന അവസ്ഥ ഇല്ല എന്ന് തന്നെ. നയങ്ങളും അവയുടെ നടത്തിപ്പുമാണ് പ്രസക്തം.


ഭാഗം 3: സമൂഹത്തിന്റെ ഇച്ഛാഭംഗത്തിൽ കഴമ്പുണ്ടോ?

ജനത്തിന്റെ ആക്രാശം കേട്ട് പാർട്ടി തീരുമാനങ്ങൾ മാറ്റാൻ തുടങ്ങിയാൽ, ജനത്തിനു പാർട്ടിയിലുള്ള വിശ്വാസ്യത തന്നെ കാലക്രമേണ കുറഞ്ഞുവരാനുള്ള സാധ്യതയാണ് കൂടുതലുള്ളത്; ഇന്ന് ഒരു വാഗ്ദാനം തന്നാലും, നിർബന്ധിച്ചാൽ തീരുമാനം മാറ്റുന്ന പാർട്ടിയെ എങ്ങിനെ വിശ്വസിക്കാനാവും!   

ഭാഗം 2ൽ കണ്ടതുപോലെ, ആരോഗ്യവകുപ്പ് മുന്നോട്ടു കൊണ്ടുപോവാൻ ഷൈലജടീച്ചർ കൂടിയേ തീരു എന്ന അവസ്ഥ ഇല്ല എന്ന് തന്നെ ചുരുക്കം. 'ഇച്ഛാഭംഗം' എന്ന വൈകാരികത ഒന്നുറങ്ങിയെണീറ്റാൽ തീരാവുന്നതേയുള്ളു! അത് തീർന്നു എന്നും കാണുന്നു.

പക്ഷെ, ഒരു ക്രിമിനൽ റെക്കോർഡ് ഉള്ള വ്യക്തി മന്ത്രിയായി വരികയും ജനരോഷം ഉയരുകയും ചെയ്‌താലോ? 'വ്യക്തിയല്ല, പോളിസിയാണ് പ്രധാനം' എന്ന് പറഞ്ഞു ഒരു ക്രിമിനലിനെ മന്ത്രിയാക്കി വയ്ക്കാനാവില്ല.

ചില സന്ദർഭങ്ങളിലെങ്കിലും നയങ്ങൾക്കു മുകളിൽ വ്യക്തിയ്ക്ക്‌ പ്രസക്തിയുണ്ട് (രണ്ടാം വട്ടം മുഖ്യമന്ത്രിയായി വന്ന പിണറായി ഒരുദാഹരണം). സമൂഹത്തിന്റെ രോഷം സാധുവാകുന്ന അവസരങ്ങൾ തള്ളിക്കളയാനാവില്ല. സമൂഹത്തിന്റെ രോഷം/ ഇച്ഛാഭംഗത്തിലെ കഴമ്പ് സാന്ദര്‍ഭികമായി പരിശോധിക്കേണ്ട ഒന്നാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതു ഘട്ടത്തിലാണ് ഒരു പാർട്ടി ജനരോഷം അംഗീകരിക്കേണ്ടത്? നിയമം അതനുശാസിക്കുന്നുണ്ടോ?


ഭാഗം 4: ജനരോഷത്തിന്റെ സാധുത

ജനരോഷം സാധുവാണെങ്കിൽ പുതിയ കീഴ്വഴക്കത്തിന് പാർട്ടി തയ്യാറാവേണ്ടി വരും. എന്നാൽ ഇന്നത്തെ തിരഞ്ഞെടുപ്പ് നിയമവ്യവസ്ഥയിൽ ജനരോഷത്തിന്റെ സാധുത പരിശോധിക്കാനവസരമില്ല.  സാധുത പരിശോധിക്കാനും, പാർട്ടികളുടെ അധികാര ദുർവിനിയോഗം തടയാനും വസ്തുനിഷ്ഠമായ അനുശാസനങ്ങൾ വേണം. ഈ അനുശാസനം ജനാധിപത്യപരമായിരിക്കുകയും വേണം. അതായത്, ജനത്തിന്റെ ശബ്ദത്തിനാവണം മുൻഗണന.


ഭാഗം 5: കേരളത്തിലെ ജനാധിപത്യം

'ഇന്ത്യയിലെ' എന്ന സാമാന്യവൽക്കരണം വേണ്ട, കേരളസംസ്ഥാനവും അതിന്റെ രാഷ്ട്രീയവും മാത്രമെടുക്കാം. നമ്മുടെ പ്രാതിനിധ്യ-ജനാധിപത്യ വ്യവസ്ഥിതിയിൽ, രാഷ്ട്രീയ തീരുമാനങ്ങളിൽ ജനങ്ങൾക്കുള്ള പങ്കെന്താണ്? പാർലിമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താം, ഗ്രാമസഭയിൽ പങ്കെടുക്കാം, പഞ്ചായത്ത് തീരുമാനങ്ങളിൽ പങ്കാളികളാവാം.


പഞ്ചായത്ത് പ്രവർത്തനം: പ്രത്യക്ഷത്തിൽ നോക്കിയാൽ, പഞ്ചായത്ത് ചെയ്യേണ്ട കാര്യങ്ങൾ/ തീരുമാനങ്ങൾ അധികാരശൃംഖലയുടെ മുകളിൽ നിന്നും ഉത്തരവായി താഴോട്ട് വരുന്നതാണ് കൂടുതലും കാണുന്നത്. അതായത്, സർക്കാർ തീരുമാനങ്ങൾ സുഗമമായി നടത്താനുള്ള അധികാരശൃംഖലയിലെ അവസാന കണ്ണിയായാണ് പഞ്ചായത്ത് കൂടുതലും പ്രവർത്തിക്കുന്നത്. ഉദാ: ലൈഫ് മിഷൻ.

ഒരു ചിന്താപരീക്ഷണം: നിങ്ങളുടെ പഞ്ചായത്തിലെ ചില പാടങ്ങൾ നികത്തി ഒരു ഹൈവേ വരികയാണ്; നികത്തുന്ന പാടത്തിന്റെ ഉടമയ്ക്ക് ഒരു നിശ്‌ചിതതുക സർക്കാർ നൽകും. പഞ്ചായത്തിലെ ഭൂരിഭാഗം ജനത്തിനും ഇതിൽ പ്രതിഷേധമുണ്ട്. ഇത്തരമൊരവസരത്തിൽ, ഗ്രാമസഭ കൂടി പഞ്ചായത്തിന്റെ വിയോജിപ്പ് ജില്ലാ തലത്തിലോ സംസ്ഥാന തലത്തിലോ ഉള്ള അധികാരികൾക്കു മുന്നിൽ അവതരിപ്പിക്കാനും, തങ്ങളുടെ ആകുലതകൾ പറയാനും കഴിയണം.

ജനങ്ങളുടെ ശബ്ദമാവണം പഞ്ചായത്ത്. ജനത്തിന്റെ ആവശ്യം മുകൾത്തട്ടിലെ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാവണം പഞ്ചായത്ത് മുഖ്യമായും നിലകൊള്ളേണ്ടത്. സർക്കാർ ഉത്തരവുകളുടെ അവസാന കണ്ണിയുമാവട്ടെ, ഇന്നത്തെപോലെതന്നെ!

ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രകടനങ്ങളും സമരങ്ങളും ഒക്കെയാണ് കൂടുതലും കണ്ടുവരുന്ന പ്രതിഷേധമാർഗങ്ങൾ. അതെല്ലാം  നല്ലതുതന്നെ. പക്ഷെ, പ്രതിഷേധപ്രകടനം/ സമരങ്ങൾ എന്നിവയല്ലാതെ തങ്ങളുടെ വിയോജിപ്പുകളും, പ്രതിഷേധങ്ങളും, ആവശ്യങ്ങളുമായി മുന്നോട്ടു പോവാൻ മറ്റൊരു 'പ്രാവർത്തികമായ' മാർഗ്ഗം വേണം ജനത്തിന്.


സംസ്ഥാന പാർലിമെന്റ്: ഒരു പാർലിമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത അഞ്ചു വർഷം പൊതുജനത്തിന് വിശ്രമിക്കാം. വോട്ട് ചെയ്യൽ മാത്രമാണ് മാത്രമാണ് പൊതുജന കർത്തവ്യം. അത് കഴിഞ്ഞു അടുത്ത അഞ്ചുവർഷം വരെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനു ആർപ്പുവിളിച്ചിരിക്കാം. വീണ്ടും തിരഞ്ഞെടുപ്പ്, അഞ്ചു വർഷം വിശ്രമം. ഇതിനിടയിൽ പാർട്ടി വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കിയാൽ നല്ലത്, എത്രയൊക്കെയായാലും അടുത്ത വർഷം വേറെ രാഷ്ട്രീയ കക്ഷികളാണ് ഭരണത്തിൽ വന്നുകൊണ്ടിരുന്നത് മിക്കവാറും. നയരൂപീകരണത്തിൽ ജനങ്ങളുടെ പങ്കെന്താണ്? പാർട്ടി/ ജനപ്രതിനിധി മുന്നോട്ടു വയ്ക്കുന്ന പ്രകടനപത്രിക ഭേദഗതി ചെയ്യാൻ/ പരിഷ്കരിക്കാൻ ജനത്തിനുള്ള അവസരം ഇന്ന് ദുർലഭമാണ്. ഇവിടെ പഞ്ചായത്തിന് ജനങ്ങളുടെ ശബ്ദമായി പ്രകടന പത്രികയ്ക്ക് നിർദ്ദേശം കൊടുക്കാൻ കഴിയണം.

ഒരു തിരഞ്ഞെടുപ്പിൽ, ഭരണത്തിൽ വരണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന പാർട്ടിയുടെ, നിങ്ങളുടെ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയുടെ പ്രകടന പത്രിക അത്ര സ്വീകാര്യമല്ലെങ്കിലും, ആ വ്യക്തിയ്ക്ക് വോട്ട് നൽകാതിരിക്കുകയും എന്നാൽ പാർട്ടിയ്ക്ക് വോട്ട് നൽകാനും പറ്റുന്ന ഒരു സംവിധാനം വേണം.

ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് വ്യവസ്ഥിതി വ്യക്തിയെ അല്ല, 'പാർട്ടി'യെ തിരഞ്ഞെടുക്കാനുള്ളതാണ്. നിഷ്പക്ഷരുടെ ചായ്‌വിനനുസരിച്ച് LDFഉം UDFഉം മാറി മാറി വരുന്നു. ഒരു വോട്ടിനുവരെ നിങ്ങളുടെ പാർട്ടിയ്ക്ക് ഭരണം നഷ്ടപ്പെടാം, അതുകൊണ്ടു തന്നെ പ്രതിനിധിയോട് വല്യ താല്പര്യമില്ലെങ്കിലും, പാർട്ടിയോടുള്ള ചായ്‌വുമൂലം ആ വ്യക്തിയ്ക്ക് തന്നെ വോട്ട് ചെയ്യാൻ നിർബന്ധിതരാവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഭാഗം 6: പുതിയ കീഴ്വഴക്കങ്ങളിൽ നിന്നും നിയമ ഭേദഗതിയിലേക്ക്

മന്തിസഭയിൽ എല്ലാം പുതുമുഖങ്ങളാവുമ്പോൾ ഷൈലജയ്ക്കു മാത്രം ഇളവ് കൊടുക്കുന്നത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന കോടിയേരിയുടെ വാദം തർക്കമറ്റതാണ്. ആ വാദത്തോട് അക്ഷരം പ്രതി യോജിക്കുന്നു. പക്ഷെ, പുതിയ കീഴ്വഴക്കം ഒരു പടി മുന്നോട്ട് എന്ന നിലയിൽ നിയമപരമായി വരികയാണെങ്കിലോ? അവിടെ, നിയമം തീരുമാനിക്കും എന്ത് ചെയ്യണമെന്ന്; ആ നിയമം പാർട്ടിയുടെയും ജനത്തിന്റെയും താല്പര്യം പരിഗണിക്കുകയും വേണം.

പാർട്ടി ഭരിക്കുക എന്നാൽ എല്ലാം പാർട്ടി തീരുമാനിക്കുക എന്നർത്ഥം വരുന്നില്ല. പക്ഷേ, ഇന്നത്തെ തിരഞ്ഞെടുപ്പ് രീതികളിൽ അത് മാത്രമേ സാധ്യമാവുകയുള്ളു. ഇന്നത്തെ ഈ തിരഞ്ഞെടുപ്പ് സമ്പ്രദായം രാഷ്ട്രീയ പ്രഭുത്വവാഴ്ചയിലേക്ക് തെന്നിനീങ്ങാൻ പര്യാപ്തമായതാണ്.

ഇന്നത്തെ വ്യവസ്ഥയിൽ സ്ഥാനാർത്ഥിയിലൂടെ അയാളുടെ പാർട്ടിയെ ആണ് നാം തിരഞ്ഞെടുക്കുന്നത്. അതിനു പകരം, കുറഞ്ഞ പാർട്ടി സ്വാധീനത്തോടെ, തിരഞ്ഞെടുപ്പിൽ വ്യക്തികൾ ജയിക്കുകയും, പാർട്ടി ഭരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ ജനാധിപത്യത്തിന്റെ ആഴം കൂട്ടാൻ സഹായിക്കും. ഒരുദാഹരണത്തിന്; നിങ്ങൾ ഇഷ്ടപ്പെടുന്ന പാർട്ടിയിൽ നിന്നും ഒന്നിലധികം പേർ സ്ഥാനാർഥികളായി നിൽക്കുന്നുവെങ്കിൽ, അതിലാർക്കു വോട്ട് ചെയ്താലും നിങ്ങളുടെ വോട്ട് പാർട്ടിയ്ക്കുതന്നെയാണ് പോവുക. അവിടെ നിങ്ങൾക്ക് അവസരമുണ്ട്, ആരെ വേണമെന്ന് തീരുമാനിക്കാൻ (choice). 

ഇതിനുതകുംവിധം നിയമം പരിഷ്കരിക്കണം. അത് വേണ്ടവണ്ണം നടപ്പിലാക്കാൻ പറ്റിയില്ലെങ്കിലോ എന്ന ആശങ്ക തോന്നുന്നുണ്ടെങ്കിൽ ഓർക്കുക, പരീക്ഷിച്ചും നിരീക്ഷിച്ചും തെന്നിവീണുമല്ലേ നടക്കാൻ പഠിക്കുക! ആദ്യം വേണ്ടത് അവസരമാണ്. 




അടിക്കുറിപ്പ്: LDFൻറെ വാദങ്ങൾ തർക്കമറ്റതാണെങ്കിലും അവ ജനരോഷത്തിന്റെ ഉത്തരങ്ങളാവുന്നില്ല. ജനരോഷത്തിനു ഉത്തരം നൽകാൻ ഒരു തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണമാണ്‌ വേണ്ടത്. കാലത്തിനനുസരിച്ച് നിയമവും മാറട്ടെ! ഭരണത്തിൽ ജനങ്ങളും പങ്കാളികളാവട്ടെ 


വാൽകഷ്ണം:  ഇത് പറയാതെ വയ്യ, നിലനിൽക്കുന്ന LDF പിന്താങ്ങൽ വാദങ്ങളിൽ ഏറ്റവും തരം താണ വാദം 'മൂന്ന് പെണ്ണുങ്ങളുണ്ട് മന്ത്രിസഭയിൽ' എന്ന 'അഭിമാനം' തുളുമ്പുന്ന വാദമാണ്. 15% പോലുമില്ല സ്ത്രീ പ്രാതിനിധ്യം. സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രസക്തി ഇപ്പോഴും സമൂഹം (ഇന്നത്തെ തിരഞ്ഞെടുപ്പ് വ്യവസ്ഥപ്രകാരം ജയിച്ച പാർട്ടിക്കാർ) മനസിലാക്കുന്നില്ല എന്നതിന്റെ പ്രതിഫലനം മാത്രമാണ് ഈ വാദം കൊണ്ട് നടക്കുന്നവർ. 'പോസിറ്റീവ് ഡിസ്ക്രിമിനേഷൻ' താനേ സംഭവിക്കുന്ന ഒന്നല്ല. അതിനു പ്രത്യേകം ശ്രദ്ധയും, 'പോളിസി'കളും വേണം. പുതിയ വ്യക്തികൾക്ക് അവസരം കൊണ്ടുവരണം എന്നതിന്റെ നൂറിലൊന്ന് പ്രാധാന്യം സ്ത്രീ പ്രാതിനിധ്യത്തിനു കൊടുക്കാൻ പാർട്ടിക്കായില്ല എന്നത് ലിംഗസമത്വബോധത്തിൽ നിന്ന് നാമെത്ര അകലെയാണെന്ന് കാണിക്കുന്നു. ലോകത്തൊരിടത്തും 'തനിയെ' സമത്വം ഉണ്ടായിട്ടില്ല. അത് പരിശീലിച്ചെടുക്കേണ്ട ഒന്നാണ്.

---

വാൽകഷ്ണം:

From a British political satire: https://www.youtube.com/watch?v=QurCB1lCHp0

Saturday, 19 December 2020

വളരുന്ന താമരകൾ

ചർച്ചയല്ല, അസ്വസ്ഥമായ ചിന്തകളാണ്.

ഈ മോട്ടിവേഷൻ ക്ലാസുകൾ കേട്ടിട്ടുണ്ടോ? അതിലിരുന്നിട്ടുണ്ടോ? ക്ലാസ്സെടുക്കുന്നവർ ആത്മവിശ്വാസം കൂട്ടാൻ എന്തൊക്കെ ചെയ്യാം എന്ന് പറയാറുണ്ട്. നിത്യാഭ്യാസി ആനയെ എടുക്കും എന്നു കേട്ടിട്ടുണ്ടോ? അത്തരമൊരു നിത്യാഭ്യാസിയോട് മല്ലിടാൻ രാവും പകലും അദ്ധ്വാനിക്കണം. അല്ലാത്തപക്ഷം ആ നിത്യാഭ്യാസി തന്നെ വിജയിക്കും; ഒരു സംശയവും വേണ്ട! മുയൽ കിടന്നുറങ്ങിയപ്പോൾ ആമ നടന്നുകൊണ്ടേയിരുന്നു. എന്നിട്ടെന്തായി?
.
പറഞ്ഞു വരുന്നത്, എത്ര കാലം കൂടെ വേണം കേരളത്തിൽ താമര തഴച്ചു വളരാൻ? താമരയ്ക്കു വളരാൻ അത്യുത്തമം ചെളി നിറഞ്ഞ ജലാശയങ്ങളാണ്.

1990: ലാൽ കൃഷ്ണ അദ്‌വാനിയുടെ രഥയാത്ര.
ഒരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു യാത്രയുടെ ഉദ്ദേശം. ഹിന്ദുവാണോ? എങ്കിൽ അഭിമാനത്തോടെ പറയു, നാം ഹിന്ദുക്കളാണെന്ന് / ഞാൻ ഹിന്ദുവാണെന്ന്. ഗുജറാത്തിലെ സോംനാഥ് മുതൽ ഉത്തർ പ്രദേശിലെ അയോദ്ധ്യ വരെ. സോംനാഥിലെ ശിവനും അയോദ്ധ്യയിലെ രാമനും ബന്ധുക്കളല്ലെങ്കിലും വളരെ യുക്തമായ തുടക്കം!

മൂപ്പർ പോയ വഴി ചിത്രം1 ൽ കൊടുത്തിരിക്കുന്നു. കടപ്പാട് വിക്കി.

ചിത്രം1



1984: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 2 സീറ്റുകൾ
1989: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 89 സീറ്റുകൾ
1990: രഥയാത്ര
1991: ലോക്‌സഭാ തിരഞ്ഞെടുപ്പ് - ബിജെപി 120 സീറ്റുകൾ


1984, 1991 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചിത്രം2 ൽ. ആ കറുത്ത കുത്തുകൾ 1990 ലെ രഥയാത്രയുടെ വിസിറ്റിങ് പോയിന്റുകളാണ്.

ചിത്രം2

1996: 161 സീറ്റുകളോടെ ഏറ്റവും വലിയ ഭൂരിപക്ഷമായി ബിജെപി.

പിന്നതങ്ങു വളർന്നു പന്തലിച്ചു! ഈ കോവിഡ് പകരുന്നത് കണ്ടില്ലേ അതുപോലെ.
ഇന്നലെ വരെ രാമനും ഭരണഘടനയും രണ്ടായിരുന്നു. രാമരാജ്യത്തിനും ആർഷഭാരതസംസ്കാരത്തിനും വേണ്ടി ആയിരുന്നു മുറവിളി. ഇന്ന് പറയുന്നു 'ഇന്ത്യൻ ഭരണഘടനയുടെ ഒറിജിനൽ പതിപ്പിൽ തന്നെ ഭഗവാൻ ശ്രീരാമനും, ലക്ഷ്മണനും, സീതയുമൊക്കെ ഉണ്ട്'. ഓപ്പറേഷൻ ഫേസ് 3?

ലക്ഷ്യം, മുന്നൊരുക്കങ്ങൾ, അശാന്ത പരിശ്രമം... മോട്ടിവേഷൻ ക്ലാസ്സുകളിൽ പറയുന്ന ഓരോ പാഠഭാഗവും കാണാം ഇവിടെ!
.
നിപ്പയെ അടുക്കും ചിട്ടയുമൊടെ കൈകാര്യം ചെയ്യാൻ പ്രോട്ടോകോൾ ഉണ്ടായിരുന്നു. കോവിഡിന്റെ പുതുമയും, സമൂഹത്തിന്റെ അടുക്കും ചിട്ടയുമില്ലായ്മയും കാരണം ഇപ്പോഴും തീർന്നിട്ടില്ല ആ ആവലാതി. ബിജെപിയെ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോകോൾ ഉണ്ടോ കയ്യിൽ?

ചരിത്ര-രാഷ്ട്രീയ-സാമൂഹിക-നിയമ പരിജ്ഞാനം കേരളത്തെ ഒരുപക്ഷെ രക്ഷിക്കാം... ഒരുപക്ഷെ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി വളർച്ച ചിത്രം3 ൽ.

ചിത്രം3


അടിക്കുറിപ്പ്: പാലക്കാടിൻറെ ഹൃദയഭാഗത്തുള്ള സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത്, പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഞങ്ങൾ കുട്ടികൾ ജനലിൽ കാതോർത്തു നിന്നു. പുറത്തു നിന്നും ബിജെപി ആരവം കേട്ടു. ക്ലാസ്സിലെ ഒരുകൂട്ടം കുട്ടികൾ തുള്ളിച്ചാടി (2010ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ്). ഇന്ന് പാലക്കാടിന്റെ ആ ആരവത്തിന്റെ ശബ്ദം കൂടി എന്ന് മാത്രം. ഇനിയത് വളരാതിരിക്കട്ടെ.

Saturday, 15 August 2020

ഇന്ത്യൻ സ്വാതന്ത്ര്യം - ലോകമഹായുദ്ധ പശ്ചാത്തലത്തിൽ

26 ജനുവരി 1930 - INCയുടെ നേതൃത്വത്തിൽ  'പൂർണ സ്വരാജ് ' (Declaration of the Independence of India) പ്രഖ്യാപിക്കുന്നു. ബ്രിട്ടീഷ് പതാകയുടെ കീഴിൽ ആദ്യ ഇന്ത്യൻ സ്വതന്ത്ര പ്രഖ്യാപനം; ജനത്തിന് വേണ്ടി ഒരു സമാന്തര സ്വദേശി സർക്കാർ. 

ആഗസ്റ്റ് 1941 -  യുദ്ധമുഖത്ത് ജർമനിയ്ക്കു മുന്നിൽ ഫ്രാൻസ് തളർന്നു. ജർമ്മനി ബ്രിട്ടന് നേരെ തിരിഞ്ഞു. ഒറ്റയ്ക്ക് നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടൻ അമേരിക്കയെ സമീപിക്കുന്നു. 

അറ്റ്ലാന്റിക് ചാർട്ടർ അംഗീകരിക്കുന്നതിലൂടെ ജർമനിയെ നേരിടാൻ അമേരിക്കൻ സൈനികശക്തിയുടെ സഹായം ബ്രിട്ടന് നൽകാമെന്ന് റൂസ്‌വെൽറ്റ് ചർച്ചിലുമായി കരാറിലേർപ്പെടുന്നു.

പിൽക്കാലത്തു ബ്രിട്ടീഷ് സാമ്രാജ്യ തകർച്ചയിലേക്ക് വഴിവെച്ച ഒരു നാഴികക്കല്ലായി മാറി അത്. 

source


.

ഡിസംബർ 1941 -  പേൾ ഹാർബർ ആക്രമണത്തെ തുടർന്ന് അമേരിക്ക യുദ്ധമുഖത്തു പ്രവേശിക്കുന്നു, അതി ശക്തമായി തന്നെ. ഹിരോഷിമ - നഗാസാക്കി ദുസ്വപ്നങ്ങൾ തുടർക്കഥയായി.

.

ഏപ്രിൽ 1945 - ജർമ്മനി തളരുന്നു, ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നു

.

മെയ് 1945 - ജർമ്മനി അടിയറവു വയ്ക്കുന്നു.

.

ജൂലൈ 1945 - ചർച്ചിൽ തിരഞ്ഞെടുപ്പിൽ തോൽക്കുന്നു, ലേബർ പാർട്ടി നേതാവ് അറ്റ്ലീ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കുന്നു.

.

20 ഫെബ്രുവരി 1947 - 'ജൂൺ 30 1948 നു മുൻപ് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് സ്വതന്ത്ര സർക്കാർ രൂപീകരിക്കാൻ സ്വാതന്ത്ര്യം നൽകുമെന്നും, നാട്ടുരാജ്യങ്ങളുടെ കാര്യം അതിനു ശേഷം തീരുമാനിക്കും എന്നും അറ്റ്ലീ പ്രഖ്യാപിക്കുന്നു.

.

18 മാർച്ച് 1947 - അറ്റ്ലീ മൗണ്ട് ബാറ്റൺ പ്രഭുവിനെ ചുമതലപ്പെടുത്തുന്നു ഇന്ത്യ-പാക് വിഭജനം. നാട്ടുരാജ്യങ്ങൾക്കു ഇതിലേതെങ്കിലും രാജ്യവുമായി ലയിക്കാം അല്ലെങ്കിൽ ഒറ്റയ്ക്കു നിൽക്കാം.

.

3 ജൂൺ 1947 - 'The 3rd June Plan' - ഇന്ത്യ-പാക് വിഭജനം, സ്വതന്ത്ര ഭരണഘടനയ്ക്കുള്ള അവകാശം, ഏതു രാജ്യത്തു ചേരണമെന്ന നാട്ടുരാജ്യങ്ങളുടെ  സ്വാതന്ത്ര്യം, തുടങ്ങിയവ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടു വയ്ക്കുന്നു.

പട്ടേൽ, നെഹ്‌റു, മറ്റു INC നേതാക്കൾ അംഗീകരിക്കുന്നു ആ പ്രമേയത്തെ. 

ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിഭജിച്ചു 'റാഡ്ക്ലിഫ് ലൈൻ' വരുന്നു; ഹിന്ദു-മുസ്‌ലിം വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നു.

.

18 ജൂലൈ1947 -'ഇന്ത്യ-പാക് വിഭജനം'  ബ്രിട്ടീഷ് പാർലിമെന്റ് അംഗീകരിക്കുന്നു. 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്' എന്ന് വിളിച്ചു അതിനെ.

source



ആഗസ്റ്റ് 14 1947 - ഇന്ത്യ- പാക് വിഭജനം പ്രഖ്യാപിക്കുന്നു, ബ്രിട്ടീഷ് പതാകകൾ താഴുന്നു. 

______


അതെ, ബ്രിട്ടീഷ് പാർലിമെന്റ് പാസാക്കിയ Indian Independence act-നെയാണ് 'ഇന്ത്യൻ സ്വാതന്ത്ര്യം' എന്ന് ഇന്ത്യയും, 'പാക്കിസ്ഥാൻ സ്വാതന്ത്ര്യം' എന്ന് പാകിസ്ഥാനും ഓമനപ്പേരിട്ട് വിളിക്കുന്നത്.

1947ൽ; വിഭജനാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങൾ ഉൾപ്പെട്ടിരുന്നില്ല


.

സ്വാതന്ത്ര്യാനന്തരം - ജോധ്പുർ, ജുനഗഡ്‌ നാട്ടുരാജ്യങ്ങൾ പാകിസ്ഥാനിൽ ചേരാൻ തീരുമാനിച്ചു. പട്ടേലിന്റെ നയതന്ത്രം അവയെ ഇന്ത്യയിൽ ലയിപ്പിച്ചു. 

എല്ലാം കഴിഞ്ഞും ഹൈദെരാബാദും, കാശ്മീരും ബാക്കിയായി. ഇന്ത്യയുടെ ഉദരത്തിലെ അര്‍ബുദം ആയി മാറി ഹൈദരാബാദ് നാട്ടുരാജ്യം. (ഇത് പട്ടേൽ പറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു)

source



13–18 സെപ്തംബർ 1948 - ഓപ്പറേഷൻ പോളോ 1 2 3- ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യൻ സൈന്യം കീഴടക്കുന്നു.

പട്ടേലും ഹൈദരാബാദ് നിസാമും; source


ഇന്ത്യൻ വിഭജനത്തിന്റെ നാൾവഴികൾ വീണ്ടും തുടർന്നു

source





1947 ആഗസ്റ്റ് 14 ന് , ഇന്ത്യ-പാക് വിഭജനമാണ് നടന്നത്. ഭരണഘടനയും, യഥാർത്ഥ സ്വാതന്ത്ര്യം അപ്പോഴും എത്തിയിരുന്നില്ല ജനങ്ങളിലേക്ക്. വർഗീയ കലാപവും, പട്ടിണിയും, അരക്ഷിതാവസ്ഥയും തുടർന്ന് കൊണ്ടിരുന്നു...

ഇന്നിതാ CAA, കാശ്മീർ പിടിച്ചെടുക്കൽ... വർഗീയ കലാപത്തിന്റെ തുടർക്കഥകൾ...
സ്വാതന്ത്ര്യം കാത്തിരിക്കുന്ന ഒരു ജനതയാണ് ഇന്നും ഈ ഭൂമിയിൽ ഉള്ളത്. 

ഇന്ത്യൻ അടിച്ചമർത്തലിനെതിരെ, 1930 നു ശേഷം മറ്റൊരു സ്വതന്ത്ര സർക്കാരിനെ കാത്തിരിക്കുന്ന ജനത. സ്വാതന്ത്ര്യ ദിനാശംസകൾ എന്ന് പറഞ്ഞാൽ അത് കബളിപ്പിക്കൽ ആവും. അതുകൊണ്ടു പറയുന്നില്ല. 

Monday, 27 July 2020

Seven, Eight, Ten ?!

Language is often a microscope to social culture, lifestyle, history, and sometimes even prehistoric ages! Today we will see some remnants of the bronze age numeral system found in South- central and South Dravidian languages.

It always was difficult for me to decide on the terms for 90, 900 in Malayalam, the language I learned first. They were the odd ones out of the series; refer Teble1.

Table 1

the suffix(ṇūṟ) forming the number 90 resembles the suffix of the numbers from 100 to 800. Similarly, the suffix of 900 is similar to 1000-8000 pattern. The base form of this odd-pattern is found in the 9-10 pair.

It's not unique to Malayalam but common to the prominent South and South-central Dravidian languages. Over time, some of them have undergone modifications. Examples are cited in table 2. the terms those retained this odd-pattern are highlighted.


Table 2

In Telugu, the term for 9 has an additional 't' sound.

To reveal the mystery, I may have to take you to BCE 3300 - BCE1300, Bronze age. To the Indus Valley Civilization.

Perhaps a few words about numbers and various numeral systems too before that!

We use the decimal numeral system (10 digit system) in general. ie, we have 10 unique symbols; 0- 9. After that, we repeat the same symbols in a new fashion. 10, 11, 12, ..., 19. Then 20, 21,..., 29, etc.

For ease, let's say the decimal system is a base-10 number system.

Computers use a different number system; a binary numeral system that has base-2. It has 0, 1 as unique symbols. then the symbols repeat; 10, 11, 100, 101, 110 etc.

Another is the octal numeral system; a base-8 number system. It has 8 unique symbols.

In table 3, the numbers and corresponding symbols used in decimal, octal, and binary number systems are given. '10' onwards, there are no new symbols.

Table 3
For every individual living on earth, the decimal system may seem the very natural way of counting. We have ten fingers in two hands and we learned to count with those ten fingers in school. We don't lift the leg up in order to show someone we have 11 candies, instead, we simply use hands and additional gesture techniques.

Turns out, there are other interesting ways to count. In the Indus civilization, they used a base-8 number system. Before the invention of 'zero', the counting began from 'one'. So, they counted 1,2,...,8. After number Eight, it was number Ten for the Harappans.  In table 4 ( which is constructed primarily following Andronov's and Caldwell's studies, and explanation) [1,2], the proto-Dravidian numbers from one to ten and their possible etymologies are given.

Table 4


How was the journey from the base- 8 to include a new number nine?
The secret lies within the etymology of the term 'tol'.

'tol' has a meaning old or ancient [3], among other variations of it. A classical example is the title 'Tolkāppiyam' meaning 'ancient poem'. It is the oldest work in Tamil literature found to this date.

When the Harappans needed a new number in between Eight and Ten, they called it the old ten  == tol+pak-tu.

Later it took various forms.
Oṉbatu (Tamil)
Oṉpatu/Oṉbatu (Malayalam)
Ombhattu (Kannada)
Tom'midi (Telugu)

Among the four prominent Dravidian languages, all but Telugu dropped 't'.
Going back to Table 1, Malayalam numerals.

90 is old hundred == thol+nūṟ
900 is old thousand == thol+ āyiraṁ


In nutshell, the odd ones were the remnant of a bronze-age civilization!


Footnote:

Yuki language of California, US (an extinct language) had a base-8 number system. It is suspected that Proto-Indo-Europeans used an octal system too (later 'nine' derived from the term 'newo' meaning new). Perhaps the most natural way of counting was a base-8 number system; using the space between the 10 fingers of our hands. 


I am not sure how the invention of Zero (around CE 458) influenced the symbols or how long it took from the invention of 'zero' to the introduction of 'nine' to the number system. There're two symbols found for the number 'Ten' in the Indus numerals. Taking Gundert's analysis on the number 'ten', perhaps Sanskrit- Proto Dravidian mix of symbol and scripts might've happened. 

Additional reading: a, b 

Thursday, 19 March 2020

'ഫ്ളാറ്റനിങ് ദ കർവ്' (flattening the curve): ഫിൻലൻഡും കേരളവും ചെയ്യുന്നതെങ്ങിനെ?


കോവിഡ്19 ലോകവ്യാപിതമായ പശ്ചാത്തലത്തിൽ ഒരുപാട് കേൾക്കുന്ന ഒന്നാണ് 'ഫ്ളാറ്റനിങ് ദ കർവ്'. ക്രമാതീതമായി കുത്തനെ ഉയരുന്ന കോവിഡ്19 എണ്ണത്തെ ആരോഗ്യമേഖലയ്ക്കു അമിതഭാരമാവാതെ നിയന്ത്രിതമായി കൊണ്ടുപോവേണ്ട അനിവാര്യതയെ ചൂണ്ടിക്കാണിക്കുന്നു ഇത്. ഒരുപാട് മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ നോക്കിയാൽ കാണാവുന്നത്, കുത്തനെ കൂടിയ രോഗികളുടെ എണ്ണം കാരണം ആശുപത്രികൾ നിറഞ്ഞൊഴുകി. അങ്ങിനെ കൂടിയ രോഗതീവ്രതയുള്ളവർ ആവശ്യ ചികിസ്ത കിട്ടാതെ മരണമടഞ്ഞു. അതുകൊണ്ടുതന്നെ, ആരോഗ്യമേഖലയ്ക്ക് താങ്ങാൻ കഴിയുന്ന പരിധിയിൽ രോഗബാധിത നിയന്ത്രിതമാകേണ്ടത് മരണനിരക്ക് കുറയ്ക്കാൻ അനിവാര്യമാണ്. ചിത്രം1 നോക്കുക; തുടക്കത്തിലേ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞാൽ രോഗം പകരുന്ന നിരക്ക് കുറയ്ക്കാൻ കഴിയും, അതുകൊണ്ടു തന്നെ ആശുപത്രി-സൗകര്യങ്ങളുടെ പരിധിയിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിച്ചു നിർത്താനും കഴിയും.


ചിത്രം1 
പല രാജ്യങ്ങളും പല സമീപനമാണ് 'ഫ്ളാറ്റനിങ് ദ കർവ്' നുവേണ്ടി എടുത്തിരിക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ യൂറോപ്യൻ യൂണിയൻ അംഗമായ ഇറ്റലിയിൽ കോവിഡ്19 ബാധിതരുടെ എണ്ണം കുത്തനെ കൂടിയത് കണ്ടു. ലോകത്തിലെ തന്നെ ഏറ്റവും പുരോഗമിച്ച ആരോഗ്യ വ്യവസ്ഥിതി ഉണ്ടെന്നു കരുതിയ രാജ്യങ്ങളിലൊരിടത്താണ് ഇത് സംഭവിച്ചത്. എന്തുകൊണ്ട്? ഇവരുടെ ആരോഗ്യ വ്യവസ്ഥിതിയുടെ പാളിച്ചയോ അതോ വേറിട്ട സമീപനമോ?

അടുത്തറിയാം ഇവിടെ.

ലേഖിക ഫിന്ലാന്ഡിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയാണ്. കേരളത്തിന്റെ ഒൻപത്തിരട്ടിയോളം വിസ്തൃതിയും, ഏകദേശം ആറിലൊന്നു മാത്രം ജനസംഖ്യയുമുള്ള ഒരു നോർഡിക് രാജ്യമാണ് ഫിൻലൻഡ്‌.

ആദ്യം അനുഭവങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. മാർച്ച് രണ്ടാംവാരത്തിലാണ് സർവകലാശാലയിൽ ആദ്യ കോവിഡ്19 സ്ഥിതീകരിച്ചത്; ഓസ്ട്രിയയിൽ സ്കീയിങ് അവധിയ്ക്ക് പോയി തിരികെ എത്തിയ 17 വിദ്യാർത്ഥികൾക്ക്. സർവകലാശാല അടച്ചത് മാർച്ച് 18 ന് (മൂന്നാംവാരം); അതായത്, സർവകലാശാലയിൽ കോവിഡ്19  സ്ഥിതീകരിച്ചു ഒരു ആഴ്ചയോളം കഴിഞ്ഞിട്ട്. എന്തുകൊണ്ടാണ് ആരോഗ്യത്തിൽ ലോകത്തിനു തന്നെ മാതൃകയായ ഒരു രാജ്യം ഇത്തരം ഒരു കാലതാമസം വരുത്തിയത്?

ഭൂപടം പ്രകാരം, കിഴക്കേ രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഈ പടിഞ്ഞാറൻ രാജ്യങ്ങൾക്കുള്ളത്.

കിഴക്കൻ രാജ്യങ്ങളിൽ 'ടോപ്-ഡൗൺ' സമീപനമായിരുന്നു കണ്ടതെങ്കിൽ, പടിഞ്ഞാറൻ EU രാജ്യങ്ങളിൽ  'ബോട്ടം-അപ്' സമീപനമാണ് കാണുന്നത്. 

വിശദമാകുകയാണെങ്കിൽ,

നമ്മുടെ കേരളത്തിൽ, കോവിഡ്19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്ന വ്യക്തികളെ വിമാനത്താവളത്തിൽ തന്നെ വച്ച് തന്നെ തിരിച്ചറിയാനും, ആവശ്യ നിർദ്ദേശം കൊടുക്കാനും ഉള്ള വ്യവസ്ഥ സർക്കാർ കൊണ്ടുവന്നു. കോവിഡ്19 സ്ഥിതീകരിച്ച ആളുമായി ഇടപഴകിയവരെ ട്രേസ് ചെയ്തു കണ്ടെത്തി ആരോഗ്യവകുപ്പുവഴി വീട്ടിൽ/ ആശുപത്രികളിൽ ക്വാറൻറ്റൈൻ  ചെയ്യാനുള്ള വ്യവസ്ഥ ഉണ്ടാക്കി. അതുപോലെ അംഗനവാടി ഉച്ചഭക്ഷണ വിതരണവും എല്ലാം സർക്കാരിന്റെ തീരുമാനങ്ങളാണ്. മറ്റൊരു ഭാഷ്യത്തിൽ തീരുമാനങ്ങൾ എല്ലാം സർക്കാരിൽ നിന്ന് ജനങ്ങളിലേക്കാണ്; ടോപ്-ഡൗൺ സമീപനം.

ഇനി ഫിൻലന്റിലേക്കുപോകാം. കേരളത്തിൽ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഉണ്ടായിരുന്നത് ഇവിടെ; ഇവിടെ സർക്കാർ അവസാന കണ്ണിയാവുകയാണ് ചെയ്തത് -അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ-.

സർക്കാർ അറിയിപ്പ് കൊടുക്കുന്നു ജനങ്ങൾക്ക്, ജനം അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുന്നു. ഉദാ: ഓസ്ട്രിയ കോവിഡ്19 ബാധിത പ്രദേശമായി പ്രഖ്യാപിച്ച ശേഷമാണ് ഔലു (അർബൻ ജനസാന്ദ്രത: 915.8/km2) സർവകലാശാല വിദ്യാർഥികളുടെ ഇൻഫെക്ഷൻ കണ്ടെത്തുന്നത്. അതിനു ശേഷം ആദ്യം വന്ന സർവകലാശാല സർക്കുലർ പറഞ്ഞത്, 'ജലദോഷപ്പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ വീട്ടിലിരിക്കുക' എന്നതാണ്. എന്നിട്ടു വിദൂര പഠനത്തിനുള്ള നിർദേശങ്ങളും. സർവകലാശാല വീണ്ടും മുന്നോട്ടുപോയി, ഗവേഷണങ്ങളും അധ്യാപനവും ഒക്കെയായി. സ്കൂളുകളും ഡേകെയർ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. ഔലു ഭരണകേന്ദ്രം സ്കൂളുകളോ, സർവകലാശാലകളോ അടയ്ക്കാൻ ആവശ്യപെട്ടിരുന്നുമില്ല (ഫിൻലൻഡ്‌ 20 hospital-disctricts ആയി വിഭജിച്ചിരിക്കുന്നു [1] ). ഔലുവിലെ മറ്റൊരു കമ്പനിയിൽ രണ്ടു കോവിഡ്19 ബാധിതരെ കണ്ടെത്തിയപ്പോൾ, കമ്പനിയധികൃതർ അടുത്ത രണ്ടാഴ്ചക്കാലം അതടച്ചിടാൻ തീരുമാനിച്ചു (വർക്ക് ഫ്രം ഹോം). ഇവിടെയൊന്നും ഔലു ഭരണകൂടമായിരുന്നില്ല തീരുമാനങ്ങളെടുത്തിരുന്നത്, മറിച്ചു അതാത് സ്ഥാപങ്ങളാണ്; ബോട്ടം-അപ് സമീപനം. ഭരണകൂടത്തിന് അധിക-ജോലിയൊഴിവാക്കുക എന്ന സാഹചര്യം. 

തങ്ങൾ കൊറോണ ബാധിതരാണെന്നു തോന്നിയാലും, ലക്ഷണങ്ങൾ വളരെ കുറഞ്ഞ തോതിലാണെങ്കിൽ വീട്ടിലിരുന്നാൽ മതി; 'ആരോഗ്യമേഖലയെ വിളിക്കരുത്' എന്ന് എടുത്ത് പറയുന്നുമുണ്ട്. ലക്ഷണങ്ങൾ മോശമായി തുടങ്ങി എന്ന് കണ്ടാൽ ഹെൽപ്-ലൈൻ  നമ്പറിലേക്കു വിളിക്കാം. മാർച്ച് 17 നാണു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതെ തുടർന്ന്, മാർച്ച് 18 മുതൽ സ്കൂളുകളും കോളേജുകളും വിദ്യാർത്ഥികളിൽ നിന്നും അടച്ചു/ വിദൂര വിദ്യാഭ്യാസത്തിലേക്ക് നീങ്ങി; ഗവേഷങ്ങൾ തുടരാം അപ്പോഴും. പത്താളിൽ കൂടുതൽ ആളുകൾ കൂടി നില്കരുതെന്ന നിർദ്ദേശം, മ്യൂസിയം, തിയേറ്റർ, വായനശാല തുടങ്ങിയവ അടച്ചു, അന്താരാഷ്ട്ര യാത്രകളിൽ ക്രമീകരണം കൊണ്ടുവന്നു (പല വിമാനങ്ങളും റദ്ദാക്കപ്പെട്ടു), അങ്ങിനെ 19 നിർദ്ദേശങ്ങൾ [2].

ഇവിടെ, നമ്മുടെ നാട്ടിലേതുപോലെ ശക്തമായ കോൺടാക്ട് ട്രേസിങ് നടക്കുന്നില്ല (അതോ ജനസംഖ്യ കുറവായതുകൊണ്ടു തിരിച്ചറിയാത്തതോ?!). ഇപ്പോഴും ഡേകെയർ സ്ഥാപങ്ങൾ പ്രവർത്തത്തിക്കുന്നുമുണ്ട്. വിശ്വാസമാണ് ഇവിടത്തെ ശക്തമായ കണ്ണി. സർക്കാർ നിർദ്ദേശങ്ങൾ ജനം പാലിക്കുമെന്ന വിശ്വാസം സർക്കാരിനും, സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസം ജനത്തിനുമുണ്ട്. അതിലുപരി, എത്ര കൊറോണ കേസുകൾ വന്നാലും, അത് ആരോഗ്യവകുപ്പിന് താങ്ങാൻ കഴിയുന്ന പരിധിയിൽ വന്നാൽ കുഴപ്പമില്ല എന്നതാണ് നിലപാട്. അതുകൊണ്ടു തന്നെ, സാമ്പത്തികപരമായി ചുരുങ്ങിയ ചിലവിൽ എങ്ങിനെ കാര്യങ്ങൾ പ്രശ്നരഹിതമായി മുന്നോട്ടു കൊണ്ടുപോവാം എന്നാണു സർക്കാർ നോക്കുന്നത്; ഒരു മഹാമാരിയെ കാത്തിരിക്കുക തന്നെയാണ് ചെയ്യുന്നത്. അതിന്റെ വേഗത കുറയ്ക്കുക എന്ന് മാത്രമേ ലക്ഷ്യമാക്കുന്നുള്ളു.

അവലംബം:


അധികവായനയ്ക്ക്: